തിരുവനന്തപുരം മൃഗശാലയിലെ 17 വയസ്സ് പ്രായമുള്ള മലർ എന്ന വെള്ളക്കടുവ ചത്തു. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് 2014 ലാണ് മലർ എന്ന പെൺ വെള്ളക്കടുവയേയും ശ്രാവൺ എന്ന ആൺ വെള്ളക്കടുവയേയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ഒരു വ്യാഴവട്ടക്കാലമായി തലസ്ഥാനത്തെ കാഴ്ച കാണാൻ എത്തുന്നവരുടെ പ്രിയങ്കരിയായിരുന്നു മൃഗശാലയിലെ ഈ വെള്ളക്കടുവ.
പ്രായാധിക്യം കാരണം അവശതയിൽ ആയതോടെ കഴിഞ്ഞ വർഷം മുതൽ മലറിനെ പ്രദർശനത്തിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ നൽകുന്നതിനായി ഇവിടത്തെ സ്ക്വീസ് കെയ്ജ് പുതുക്കി പണിയുകയും ചെയ്തിരുന്നു. ഇറച്ചി ചവച്ചരച്ച് കഴിക്കാൻ കഴിയാതായതോടെ മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയാണ് ഭക്ഷണമായി നൽകിയിരുന്നത്. പ്രായമായ മൃഗങ്ങൾക്ക് നൽകിവരുന്ന ജെറിയാട്രിക്ക് കെയർ ചികിത്സയും നല്കുന്നുണ്ടായിരുന്നു.
നില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 6 മണിയോടെ ചത്തു. തുടർന്ന് NTCA (national tiger conservation authority) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വൈകിട്ട് 4 മണിയോടെ ദഹിപ്പിച്ചു.
ഇനി ശ്രാവൻ എന്ന വെള്ള കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.
വെള്ള കടുവകൾക്ക് സാധാരണ ബംഗാൾ കടുവകളെക്കാൾ ആയുസ്സും ആരോഗ്യവും കുറവാണ്. ഇവയുടെ ശരാശരി ആയുസ്സ് 12 വയസ്സ് ആണെങ്കിലും മൃഗശാലകളിൽ 16 -18 വയസ്സ് വരെ വെള്ള കടുവകൾ ജീവിക്കാറുണ്ട്. മൃഗശാലകളിൽ മാത്രം പ്രജനനം നടത്തി എടുക്കുന്നതുകൊണ്ട് വലിയ തോതിലുള്ള ഇൻബ്രീഡിങ് കാരണം ഇവയുടെ കാഴ്ച, എല്ലുകളുടെ ഗുണ നിലവാരം, പ്രതിരോധ ശേഷി എന്നിവ പൊതുവെ ബംഗാൾ കടുവകളെക്കാൾ കുറവായിരിക്കും. SLC45A2 എന്ന മാന്ദ്യമുള്ള ജീൻ (റിസസ്സിവ് ജീൻ) ആണ് വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിനു കാരണം.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ദഹിപ്പിച്ചു. പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലുവർ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.










