നോവായി ശ്രീനന്ദ; പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം, ഇന്ന് തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കും; പരിശോധനകൾ തുടരുന്നു

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം നൽകി കളക്ടർ. പോസ്റ്റ്മോർട്ടത്തിന്റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടത്തുക.

കുടുംബത്തിന്റെ ഒരു ആരോപണവും തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന നടത്തുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് ഈ പരിശോധന നടക്കുന്നത്. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് 15കാരിയായ ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തെർമൽ ഡ്രോണിലാണ് കുട്ടിയുടെ മൃതദേഹത്തിന്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 അംഗ സംഘമാണ് ശ്രീനന്ദയ്ക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നത്. ശ്രീനന്ദയെ കാണാതായ സ്ഥലത്തിന്റെ താഴ്വരയിൽ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയുടെ ഭാഗമായാണ് ശ്രീനന്ദ ഈ പ്രദേശത്ത് എത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെ ഉണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി. മാതാപിതാക്കളടക്കം 40 പേരുള്ള ഒരു സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റ് 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide