
സസ്കാറ്റൂൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ ട്രേഡ് ചാൻസലറായി മലയാളി ജോക്കിം ജോർജ് ചുമതലയേറ്റു. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ അദ്ദേഹം, ആൽബർട്ട സർക്കാരിന്റെ വ്യാപാര-നിക്ഷേപ മേഖലകളിൽ നിർണായക ചുമതല വഹിക്കുന്ന ആദ്യ മലയാളികളിലൊരാളാണ്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്‌തത്. ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പുതിയ സാമ്പത്തിക സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള സുപ്രധാന ദൗത്യമാണ് അദ്ദേഹം നിർവ്വഹിക്കുക. സസ്കാറ്റൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം.
ജോക്കിം ജോർജിൻ്റെ ഈ മിന്നും നേട്ടം കാനഡയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാണെന്ന് സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. കഴിഞ്ഞ ജനുവരി 2-ന് SMAയുടെ പുതിയ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നിയമനം. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് അസോസിയേഷൻ കൂട്ടിച്ചേർത്തു. കൂടാതെ ജോക്കിം ജോർജിൻ്റെ തുടർപ്രവർത്തനങ്ങൾ വലിയ വിജയമാകട്ടെയെന്ന് SMA എക്സിക്യൂട്ടീവ് കമ്മിറ്റി ആശംസിച്ചു.
Malayali Joechim George takes charge as Trade Chancellor of Alberta Province, Canada.















