ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് മലയാളിയായ നിത്യ രാമനും മത്സരിക്കുന്നു; കരൺ ബാസിന് വെല്ലുവിളി

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമനും മത്സരിക്കുന്നു. കേരളത്തിലെ ഒരു മലയാളി കുടുംബത്തിലാണ് നിത്യ ജനിച്ചത്. നിലവിൽ എൽ.എ സിറ്റി കൗൺസിൽ അംഗവും നഗര രാഷ്ട്രീയത്തിലെ പ്രമുഖ പ്രോഗ്രസീവ് ശബ്ദവുമായ നിത്യ രാമൻ നിലവിലെ മേയർ കരൺ ബാസിന് വെല്ലുവിളിയാകും. 44 വയസ്സുള്ള നിത്യ രാമൻ നഗരത്തിന്റെ നാലാം ജില്ലയെ പ്രതിനിധീകരിക്കുന്ന കൗൺസിൽ അംഗമാണ്. നാമനിർദേശത്തിനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് അവർ മത്സര പ്രഖ്യാപനം നടത്തിയത്.

മുമ്പ് കരൺ ബാസിനെ ‘ഐക്കൺ’ എന്ന് വിശേഷിപ്പിച്ച് പിന്തുണച്ചിരുന്നെങ്കിലും, ഇപ്പോൾ നഗരത്തിന് വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് നിത്യ പറഞ്ഞു. “മേയർ ബാസിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. പ്രധാന വിഷയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ലോസ് ആഞ്ചലസിൽ കാര്യങ്ങൾ നടക്കേണ്ട രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നഗരത്തിന്റെ അടിസ്ഥാന സംവിധാനങ്ങൾ തകരുമെന്ന് എനിക്ക് തോന്നുന്നു,” നിത്യ രാമൻ പറഞ്ഞു.

72 വയസ്സുള്ള കരൺ ബാസ് രണ്ടാം കാലാവധിക്കാണ് ശ്രമിക്കുന്നത്. എന്നാൽ പാലിസേഡ്സ് തീപിടിത്തം കൈകാര്യം ചെയ്തതിൽ ഭരണകൂടം കടുത്ത വിമർശനം നേരിടുകയാണ്. ഈ ദുരന്തത്തിൽ 12 പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. പാർപ്പിടം, ഭവനരഹിതത്വം, സുതാര്യത, തെരുവുകളിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് നിത്യ രാമൻ പ്രധാനമായി ഉന്നയിക്കുന്നത്.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണ നിത്യ രാമനുണ്ട്. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ സോഹ്റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെ, നിത്യയുടെ സ്ഥാനാർഥിത്വവും ദേശീയ ശ്രദ്ധ നേടുകയാണ്. രാഷ്ട്രീയ രംഗത്തെ ഇരുപതിലധികം സ്ഥാനാർഥികളിൽ നിത്യ രാമൻ വേറിട്ടുനിൽക്കുന്നു. കുടിയേറ്റക്കാരി, നഗര ആസൂത്രക, ഭവനരഹിതർക്കായുള്ള പ്രവർത്തക, ഇരട്ടക്കുട്ടികളുടെ അമ്മ — എല്ലാം കൂടിയാണ് നിത്യ.

ആറാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലെ ലൂയിസിയാനയിലേക്ക് കുടിയേറിയ നിത്യ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും എംഐടിയിൽ നിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2013 വരെ ഇന്ത്യയിൽ ചേരികളിലെ ജനങ്ങൾക്കായി നഗര ആസൂത്രണ രംഗത്ത് പ്രവർത്തിച്ചു. പിന്നീട് ലോസ് ആഞ്ചലസിലെത്തി. അവിടെ ഭവനരഹിതർക്കായുള്ള സെലാ (SELAH) എന്ന കൂട്ടായ്മയുടെ സഹസ്ഥാപകയാണ്.

മീടൂ പ്രസ്ഥാനത്തിൽ നിന്ന് രൂപപ്പെട്ട വനിതാ സംഘടനയായ ‘ടൈംസ് അപ്പ് എന്റർടെയിൻമെന്റ്’ന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു. 2020ൽ എൽ.എ സിറ്റി കൗൺസിലിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യക്കാരിയുമായി നിത്യ രാമൻ ചരിത്രം കുറിച്ചു. ടെലിവിഷൻ തിരക്കഥാകൃത്തായ വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. കർണയും കാവേരിയും എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് നിത്യ.

യുവജനങ്ങളുടെ പിന്തുണയും തീപിടിത്തത്തിന് ശേഷം പുനർനിർമാണം ആഗ്രഹിക്കുന്നവരുടെയും പിന്തുണ നേടുകയാണ് നിത്യയുടെ ലക്ഷ്യം. റിയാലിറ്റി ടിവി താരം സ്പെൻസർ പ്രാറ്റ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റേ ഹുവാങ്, ടെക് സംരംഭകൻ ആഡം മില്ലർ, അസാദ് അൽനജ്ജാർ എന്നിവരും മത്സര രംഗത്തുണ്ട്. എന്നാൽ, മേയർ തിരഞ്ഞെടുപ്പിൽ തോറ്റാലും 2028 വരെ സിറ്റി കൗൺസിൽ സീറ്റ് നിത്യ രാമന് നിലനിൽക്കുന്നതിനാൽ, രാഷ്ട്രീയ ഭാവിയിൽ വലിയ തിരിച്ചടിയുണ്ടാകില്ല എന്നതാണ് അവരെ ശക്തയാക്കുന്ന ഘടകം.

Malayali Nithya Raman is also running for the post of Mayor of Los Angeles; Challenges Karan Bass

More Stories from this section

family-dental
witywide