രാജ്യമെമ്പാടും കാത്തിരുന്ന 2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളികളായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് മിന്നും നേട്ടമായി മാറി.
അതേ സമയം, ആദ്യ പത്തിൽ മലയാളികളില്ല. രാജസ്ഥാൻ സ്വദേശിയായ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്കു അഖൻഷ് ദള്ള് മൂന്നാം റാങ്കും നേടി. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. 180 പേർക്ക് IAS. 55 പേർക്ക് IFS. 150 പേർക്ക് ഐപിഎസ് നേടി. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു.
Malayalis shine in the Civil Services results announcement; S Sruthi gets 18th rank, Anuj Agnihotri gets 1st rank










