വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ചു. സന്ദർശനത്തിലുടനീളം തന്റെ തൊട്ടടുത്ത് തന്നെ നിന്ന റഫീഖിനോട് മാറിനിൽക്കാൻ താരം ആവശ്യപ്പെടുകയായിരുന്നു. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്, ഇത് നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിൽക്കണം” എന്ന് മമ്മൂട്ടി പരസ്യമായി പറഞ്ഞത് ശ്രദ്ധേയമായി.
ശനിയാഴ്ച ഉച്ചയോടെയാണ് ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ മമ്മൂട്ടി എത്തിയത്. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം അധികൃതരോട് വിവരങ്ങൾ ചോദിച്ചറിയുകയും അവിടത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അതീതമായി ദുരന്തബാധിതരെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ ടൗൺഷിപ്പിലൂടെ കാണുന്നതെന്ന് മമ്മൂട്ടി പ്രതികരിച്ചു. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ഒത്തുചേർന്ന് ആപത്ത് സംഭവിച്ചവരെ സഹായിക്കുന്ന മാതൃകാപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. താരത്തിന്റെ സന്ദർശനം കാണാൻ നിരവധി ആളുകളാണ് ടൗൺഷിപ്പിൽ തടിച്ചുകൂടിയത്.
Mammootty asks CPM District Secretary to stay away during Wayanad township visit












