ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ സബ്വേ സ്റ്റേഷനിൽ യുവാവിന്റെ അതിക്രമം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച രാവിലെ 8.45ഓടെയാണ് സംഭവം. സൺസെറ്റ് പാർക്കിലെ 53-ാം സ്ട്രീറ്റ് സ്റ്റേഷനിലെ R ലൈൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന 51 വയസ്സുള്ള സ്ത്രീയുടെ മുഖത്ത് 25കാരൻ യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചതായി പൊലീസ് വ്യക്തമാക്കി.
തുടർന്ന് സമീപത്തുണ്ടായിരുന്ന 43 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഇയാൾ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിൻ എത്തുന്നതിനുമുമ്പ് തന്നെ അവർ പാളത്തിൽ നിന്ന് കയറിപ്പോയി രക്ഷപ്പെട്ടത് വൻ അപകടം ഒഴിവാക്കി. സംഭവത്തിന് പിന്നാലെ NYPD 72nd Precinctയും ട്രാൻസിറ്റ് ഡിസ്ട്രിക്ട് 34ഉം സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 51കാരിക്ക് മുഖത്ത് പരിക്കേറ്റതായും, 43കാരിക്ക് മുട്ടിനും പുറത്തും വേദനയുണ്ടെന്നുമാണ് റിപ്പോർട്ട്.
ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഒളിച്ചോടിയെങ്കിലും സമീപ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ 20-ാം അവന്യൂവിലെ 5100-ാം ബ്ലോക്കിലുള്ള ഒരു ഷെൽട്ടറിൽ നിന്ന് പിടികൂടി. ചോദ്യം ചെയ്യൽ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരംവരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ നഗരത്തിലെ പൊതുയാത്ര സംവിധാനത്തിലെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുകയാണ്. ഈ വർഷം ഇതുവരെ സബ്വേയിലെ പ്രധാന കുറ്റകൃത്യങ്ങൾ 17 ശതമാനം വർധിച്ചതായാണ് പൊലീസ് കണക്കുകൾ. ആക്രമണ കേസുകൾ 65ൽ നിന്ന് 71 ആയി ഉയർന്നപ്പോൾ, കവർച്ചകൾ 38ൽ നിന്ന് 60 ആയി 58 ശതമാനം വർധിച്ചു. അതേസമയം നഗരമൊട്ടാകെയുള്ള കുറ്റകൃത്യങ്ങളിൽ 8 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Man arrested for pushing woman onto tracks and assaulting another on Brooklyn subway in New York











