നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ കരിയറിനെ ബാധിച്ചേക്കാം, കമ്പനികൾ ജോലിക്കെടുക്കാൻ മടിക്കും; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവാവധി വേണമെന്ന പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിക്കൊണ്ട് സുപ്രീംകോടതി നിർണ്ണായക നിരീക്ഷണം നടത്തി. ആർത്തവാവധി നിയമം വഴി നിർബന്ധമാക്കുന്നത് തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം നിയമം വരുന്നതോടെ സ്ത്രീകളെ ജോലിക്ക് എടുക്കാൻ കമ്പനികൾ മടിച്ചേക്കാമെന്നും ഇത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ നിയമം നിർമ്മിക്കുന്നത് കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും അത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ ദുർബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇത്തരം ഹർജികൾ കാരണമായേക്കാം. ആർത്തവം സ്വാഭാവികമായ പ്രക്രിയയാണെന്നും അതിനെ ഒരു പോരായ്മയായി ചിത്രീകരിക്കുന്നത് ലിംഗസമത്വത്തിന് ഗുണകരമാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരൻ ഒരു സ്ത്രീയാകാത്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ആർത്തവാവധി നയം രൂപീകരിക്കുന്നതിനായി ഹർജിക്കാരൻ കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് ഒരു മാതൃകാ നയം രൂപപ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കണം. ചില സ്വകാര്യ കമ്പനികൾ നിലവിൽ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് നിയമം വഴി നിർബന്ധമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കോടതി പ്രധാനമായും ചർച്ച ചെയ്തത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Mandatory menstrual leave may harm women’s careers, observes Supreme Court

More Stories from this section

family-dental
witywide