ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുലിൽ രാത്രി നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഇന്നും കുക്കി നാഗാ സംഘർഷം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ സന്ദർശനത്തിനിടെയാണ് വീണ്ടും സംഘർഷം. ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. പിന്നാലെ കുക്കി സായുധസംഘങ്ങള്‍ വെടിയുതിര്‍ത്തു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് രാത്രിയോടെ കലാപമായി മാറിയത്. രാത്രി നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. വെടിവെപ്പും കല്ലേറും ഉണ്ടായി. 25 വീടുകൾക്ക് തീയിട്ടു. ഇതിൽ ഭൂരിപക്ഷവും നാഗവിഭാഗക്കാരുടെ വീടുകളായിരുന്നു. അതേസമയം, പ്രശ്നപരിഹാരത്തിന് സർക്കാർ തല ഇടപെടലും ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി യും നാം ഖേംചന്ദ് സന്ദർശിച്ചു.
സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഉപമുഖ്യമന്ത്രി ലോസി ദിഖോ ലിറ്റാനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയിൽ വ്യാപക ആക്രമണം നടന്നത്. നാഗകള്‍ ഉച്ചയോടെ കുക്കികളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. പലരും ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകൾക്ക് നേരെ കുക്കി സായുധസംഘങ്ങൾ വെടിവെച്ചു.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സുരക്ഷാസേന വിന്യസിച്ചു. കൂടുതൽ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ് അഭ്യർത്ഥിച്ചു. സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാൻ കൂടുതൽ സേന സംഘർഷബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇരു വിഭാഗം നേതാക്കളെയും ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ടുകൾ.
Manipur in turmoil; Nagas set houses of Kuki community on fire, curfew declared in the area











