
മലപ്പുറം: മങ്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിക്കുവേണ്ടി സംഘടിപ്പിക്കുന്ന മെഗാ സ്റ്റാറ്റസ് ചലഞ്ച് വിവാദത്തിൽ.
തവനൂർ, താനൂർ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി വിദേശയാത്രയും പണവും വാഗ്ദാനം ചെയ്തത് നേരത്തെ വിവാദമായിരുന്നു. ഇപ്പോൾ മഞ്ഞളാംകുഴി അലിയുടെ പോസ്റ്ററുകൾക്കും റീലുകൾക്കും കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കി തരുന്നവർക്ക് പണം വാഗ്ദാനം ചെയ്തിരിക്കുന്നതാണ് വിവാദത്തിന് കാരണം.
ദിനംപ്രതി 5000 രൂപ നൽകുമെന്നും, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ വിലമതിക്കുന്ന ആൻഡ്രോയ്ഡ് ഫോണും നൽകുമെന്നുമാണ് പ്രഖ്യാപനം. മങ്കട മണ്ഡലം ഗ്ലോബൽ കെഎംസിസി കമ്മിറ്റിയാണ് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ഈ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, മങ്കട നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി കുന്നത്ത് മുഹമ്മദിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. ടി.കെ. റഷീദലി സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മിഷണർക്കും മങ്കട മണ്ഡലം റിട്ടേണിങ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ തവനൂർ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിക്ക് വേണ്ടി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജി വിദേശയാത്ര വാഗ്ദാനം ചെയ്ത സംഭവത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനു ശേഷം താനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ലീഗ് സെക്രട്ടേറിയറ്റംഗം കെ എൻ മുത്തുക്കോയത്തങ്ങൾ ബൂത്ത് കമ്മിറ്റികൾക്ക് പണം വാഗ്ദാനം ചെയ്തതും വിവാദമായി. ഇതിന്റെ തുടർച്ചയായാണ് ഈ പുതിയ സംഭവം.












