
മനു ഫിലിപ്പ്, പുത്തൻകുരിശ്
സി. ജെ. റോയിയുടെ മരണത്തെ ചുറ്റിപ്പറ്റി മാധ്യമങ്ങളും സമൂഹവും സംശയങ്ങളുടെയും ആരോപണങ്ങളുടെയും ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഇടപെടലുകളെയും ആസൂത്രിത കൊലപാതക സിദ്ധാന്തങ്ങളെയുംകുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ, ആ ശബ്ദക്കൂട്ടത്തിൽ നിന്ന് അല്പം മാറിനിന്ന് വ്യത്യസ്തമായി ചിന്തിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിമർശനത്തിന്റെയും വിധികളുടെയും പാതയല്ല; മറിച്ച്, മൗനത്തിന്റെയും വിനയത്തിന്റെയും വഴി. ഇവിടെ ഒരു ബൈബിൾ വചനം വളരെ പ്രസക്തമായതുകൊണ്ടു ഞാനിവിടെ ഉദ്ധരിക്കട്ടെ. (സങ്കീ. 131:1).
“കർത്താവേ, എന്റെ ബുദ്ധിക്കു എത്താത്ത അല്ലെങ്കിൽ അതീതമായ മഹാവിഷയങ്ങളിൽ ഞാൻ ഇടപെടുന്നില്ല”. മനുഷ്യബുദ്ധിക്ക് അപ്പുറമുള്ള കാര്യങ്ങളിൽ തീർച്ചയായ നിഗമനങ്ങളുമായി അഭിപ്രായ പ്രകടനം നടത്തുന്നത് സത്യത്തേക്കാൾ അഹങ്കാരത്തോടാണ് ചേർന്നു നിൽക്കുന്നതെന്ന് ഈ വചനം ഓർമ്മിപ്പിക്കുന്നു.
റോയിയുടെ മരണം ഒരു വേദനയാണ്. അത് എങ്ങനെ സംഭവിച്ചു എന്നതിലപ്പുറം, എന്തുകൊണ്ട് ഇത്രയും ഉയരങ്ങളിൽ എത്തിയ ഒരാൾ ജീവിതത്തിൽ താളം തെറ്റിപ്പോയി എന്ന ചോദ്യമാണ് നമ്മെ അലട്ടേണ്ടത്. അന്വേഷ ണങ്ങൾ നടക്കട്ടെ; സത്യം സമയമാകുമ്പോൾ വെളിച്ചത്തിലേക്ക് വരട്ടെ. എന്നാൽ സത്യം തെളിയുന്നതിന് മുൻപ് സംശയങ്ങളെ വിധികളാക്കി മാറ്റുന്നത് ഒരു മനുഷ്യജീവിതത്തോടുള്ള അനീതിയാണ്. ചില സത്യങ്ങൾ ശബ്ദത്തിലല്ല, മൗനത്തിലൂടെയാണ് വെളിപ്പെടുന്നത്. എല്ലാം അറിയാമെന്ന ഭാവം ഉപേക്ഷിച്ച്, “ഇത് എനിക്ക് അതീതമാണ്” എന്ന് പറയാനുള്ള ആത്മപരിജ്ഞാനമാണ് സങ്കീർത്തനകാരൻ നമ്മെ പഠിപ്പിക്കുന്നത്.
രാഷ്ട്രീയമോ അധികാരമോ കുറ്റവാളിയാണെന്ന് നാം വിധിക്കുന്നതിന് മുൻപ്, ജീവിതത്തിന്റെ ഭംഗുരത്വവും മനുഷ്യന്റെ പരിമിതിയും തിരിച്ചറിയുക എന്നതാണ് കൂടുതൽ മനുഷ്യസഹജമായ സമീപനം. ഒരു എഴുത്തുകാരനെന്ന നിലയിൽ, ഞാൻ വിധികർത്താവാകാൻ ആഗ്രഹിക്കുന്നില്ല. എന്റെ വാക്കുകൾ തീർപ്പല്ല; അത് ഒരു വിലാപമാണ്. ആരോപണമല്ല; ആത്മ പരിശോധനയാണ്. റോയിയുടെ മരണകഥയെ
കിംവദന്തികളുടെ ചൂളയിൽ ഇട്ട് കത്തിക്കുന്നതിനേക്കാൾ, അത് നമ്മെ പഠിപ്പിക്കുന്ന നിശ്ശബ്ദ പാഠം കേൾക്കുകയാണ് വേണ്ടത്—അധികാരത്തിന്റെയും വിജയത്തിന്റെയും ഉച്ചകോടിയിലും മനുഷ്യൻ എത്രമാത്രം ദുർബലനാകാം എന്ന സത്യം.
ബെംഗളൂരുവിലെ ഓഫീസിൽ, ഒരു ആദായനികുതി റെയ്ഡിനിടയിൽ, അദ്ദേഹം ജീവനൊടുക്കിയെന്ന
വാർത്ത, സമ്പത്തിന്റെയും പ്രശസ്തിയുടെയും പരമാവധി കണ്ട ഒരാൾ പോലും സമാധാനം കണ്ടെത്താതെ പോയെന്ന കഠിന സത്യം നമ്മുടെ മനസാക്ഷിയെ തൊട്ടുണർത്തേണ്ടതാണ്. യുഎഇയിലെ പ്രവാസി സമൂഹത്തെയും കേരളത്തെയും ബിസിനസ്-സിനിമാ ലോകത്തെയും അത് ഞെട്ടിച്ചുകളഞ്ഞു. റോയിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠം ലളിതവും വേദനാജനകവുമാണ്: പേരും പണവും അധികാരവും
എല്ലാം നേടാം. വില്ലകളും കാറുകളും ബഹുമതികളും വാങ്ങാം. എന്നാൽ മനസ്സിന്റെ സമാധാനവും ഉള്ളിലെ സന്തോഷവും അവ ഒരിക്കലും പണത്തിന് കീഴടങ്ങുന്നില്ല. ജീവിതത്തിന്റെ യഥാർത്ഥ സമ്പത്ത്, ഒടുവിൽ, അക്കൗണ്ടുകളിലല്ല; മനസ്സിന്റെ നിശ്ശബ്ദതയിലാണെന്ന് അദ്ദേഹത്തിന്റെ കഥ നമ്മോട് മൗനമായി പറയുന്നു. ബെംഗളൂരുവിനെ നടുക്കിയ ദാരുണമായ വാർത്ത ഒരു മനുഷ്യന്റെ മരണത്തിൽ മാത്രമല്ല അവസാനിക്കുന്നത്; അത് സമൂഹത്തിന്റെ മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നു.
മനുഷ്യജീവിതം എത്രത്തോളം നിസ്സാരവും അനിശ്ചിതവുമാണെന്ന് ഓർമ്മിപ്പിക്കുന്ന കഥകൾ അപൂർവമല്ല. എന്നാൽ ചില ജീവിതകഥകൾ അതിന്റെ മുഴുവൻ തീവ്രതയോടെയും നമ്മെ നിശ്ശബ്ദരാക്കുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ജീവിതയാത്ര അത്തരത്തിലൊരു ദൃശ്യകാവ്യമാണ്—ഉയരങ്ങളുടെ തിളക്കവും താഴ്വരകളുടെ ഇരുട്ടും ഒരുപോലെ അടങ്ങിയ ഒരു മനുഷ്യകഥ. ബെംഗളൂരുവിൽ ജനിച്ചു വളർന്ന റോയ് ചിരിയങ്കണ്ടത്ത് ജോസഫ്, മലയാളികൾക്ക് സി.ജെ. റോയ് എന്ന പേരിലാണ് പരിചിത
നായത്. റോയ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും വിദ്യാഭ്യാസം പൂർത്തിയാക്കി, 57-ാം വയസ്സിൽ ജീവിതത്തിന്റെ പല വളവുകളും പിരിവുകളും കടന്നുപോയ അദ്ദേഹം ഒരു ദീർഘ വീക്ഷണമുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറും, സംരംഭകനുമായിരുന്നു. ആഡംബര കാറുകളോടുള്ള അദ്ദേഹത്തിന്റെ പ്രണയം പോലും, വിജയത്തിന്റെ പ്രതീകമായി പലരും വായിച്ചു. എന്നാൽ ഈ തിളക്കത്തിന്റെ പിന്നിൽ, എളിമയുടെയും പരിശ്രമത്തിന്റെയും കഥയായിരുന്നു തുടക്കം. അമ്മയുടെ ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കണക്കുകൾ സൂക്ഷിച്ചുകൊണ്ടാണ് റോയിയുടെ ആദ്യ പാഠങ്ങൾ. ഒരു റിയൽ എസ്റ്റേറ്റ്
ഏജന്റായ അമ്മ ഒരേ സമയം മുപ്പതിലധികം സൈറ്റുകൾ വാങ്ങി, വീടുകൾ പണിതു വിറ്റു.
അതിന്റെ അക്കൗണ്ടുകളുടെ വരികളിലൂടെ, ഭൂമിയുടെ മൂല്യവും പണത്തിന്റെ ഒഴുക്കും റോയ് പഠിച്ചു. ആ അറിവുകളാണ് പിന്നീട് ബെംഗളൂരുവിന്റെയും കേരളത്തിന്റെയും ചില പ്രദേശങ്ങളെ തന്നെ മാറ്റിമറിക്കുന്ന തീരുമാനങ്ങളായി വളർന്നത്.
കേരളത്തിലെ കോട്ടയം ജില്ലയുടെ പച്ചപ്പിൽ നിന്നുയർന്ന സ്വപ്നങ്ങളുമായി, 1990-ൽ ബിപിഎൽ, ടിവിഎസ് ഇലക്ട്രോണിക്സ്, ഹ്യൂലറ്റ്-പാക്കാർഡ് (എച്ച്പി) തുടങ്ങിയ സ്ഥാപനങ്ങളിൽ ഒൻപത് മണി മുതൽ അഞ്ച് വരെ കോർപ്പറേറ്റ് റോളുകളിലായാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. വലിയ ബോർഡ്‌റൂമുകളോ ഗംഭീര ബ്ലൂപ്രിന്റുകളോ ആയിരുന്നില്ല തുടക്കം; പകരം, എളിയ ജോലിയിലെ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഉള്ളിൽ സംരംഭകത്വത്തിന്റെ തീ കൊളുത്തിയത്. പിന്നീട് ഗൾഫിലേക്ക്, അവസരങ്ങളുടെ തിരച്ചിലിൽ, റോയ് യാത്രയായി. ഗൾഫ് കോൺക്രീറ്റ് പ്രോഡക്‌ട്സിൽ ജോലി
ചെയ്തു കൊണ്ട്, നിർമ്മാണത്തിന്റെയും പ്രോജക്ട് മാനേജ്മെന്റിന്റെയും സൂക്ഷ്മതകൾ അദ്ദേഹം പഠിച്ചു. എന്നാൽ ഗൃഹാതുരത്വ സ്മരണകളുയർത്തുന്ന മണ്ണിന്റെ വിളി ശക്തമായിരുന്നു. 1992-ൽ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങി—അന്ന് വളർച്ചയുടെ വാതിലുകൾ തുറക്കാൻ തുടങ്ങിയ ഒരു നഗരം. വൻ പദ്ധതികളോടെ അല്ല, ഒരു പ്രോപ്പർട്ടി ബ്രോക്കറായി, വിപണിയുടെ സ്പന്ദനം മനസ്സിലാക്കി, ഓരോ ഇടപാടും അനുഭവമായി സ്വീകരിച്ചുകൊണ്ടായിരുന്നു വീണ്ടും തുടക്കം. 2005-ൽ ആ ദർശനം കോൺഫിഡന്റ്
ഗ്രൂപ്പായി രൂപംകൊണ്ടു. എളിമയുള്ള സംരംഭമായി ആരംഭിച്ച കമ്പനി, ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായി വളർന്നു. ആഡംബര അപ്പാർട്ടുമെന്റുകളും വിശാലമായ വില്ലകളും, അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളായി ഉയർന്നു. വിജയത്തിന്റെ ഉച്ചകോടിയിൽ, സാമ്രാജ്യം അജയ്യമായതായി തോന്നി.
എളിമയിൽ നിന്ന് ഉയർച്ചയിലേക്ക് പടിപടിയായി ഉയർന്നു വന്ന ഒരു മനുഷ്യന്റെ കഥ. യുഎഇ യിലെ ഇന്ത്യൻ വ്യവസായികളെകുറിച്ചുള്ള മിക്കവാറും എല്ലാ കോഫി ടേബിൾ പുസ്തകങ്ങളിലും ഡോ. സി.ജെ. റോയിയുടെ പേര് ഉണ്ടായിരുന്നു—അത് പണം കൊണ്ടു മാത്രമല്ല, പരിശ്രമം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും അവിടെ എത്തിയ ഒരാളുടെ അടയാളമായിരുന്നു. 2025 ഡിസംബർ 31ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗ്രന്ഥം
പോലും, ഇന്ത്യയിലും യുഎഇയിലുമായി അദ്ദേഹം കൈവച്ച 220 പദ്ധതികളുടെ ശ്രദ്ധേയമായ പോർട്ട്ഫോളിയോ രേഖപ്പെടുത്തുന്നു.
സമ്പത്തിനപ്പുറം ഒരു മനുഷ്യനായിരുന്നു റോയ്. ഏകദേശം രണ്ട് പതിറ്റാണ്ടോളം ബെംഗളൂരു ആസ്ഥാനമായി
പ്രവർത്തിച്ച അദ്ദേഹത്തിന്റെ കമ്പനി, കർണാടക, കേരളം, ദുബായ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചു. സർജാപൂരിൽ സെന്റിന് 6000 രൂപ നൽകി വാങ്ങിയ ഭൂമി, പിന്നീട് 18 ലക്ഷം രൂപയ്ക്ക് വിറ്റു. 300 ഇരട്ടി വില. സർജാപൂർ ഐടി ഹബ്ബാകുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹത്തിന്റെ ദീർഘദർശനത്തിന്റെ തെളിവായിരുന്നു അത്. 30 സെന്റ് ഭൂമിയിൽ നിന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ കോൺഫിഡൻറ് ഗ്രൂപ്പ് ഉടമയുടെ ജീവിതം സിനിമയെ പോലും വെല്ലുന്ന കഥയാണ്. റിയൽ എസ്റ്റേറ്റിലൂടെയായിരുന്നു തുടക്കം. 2006-ൽ കോൺഫിഡൻറ് ഗ്രൂപ്പ് ആരംഭിച്ചു.
കാക്കനാട്ടെ 100 ഫ്ലാറ്റുകളായിരുന്നു തുടക്കം. ഇന്ന് 15,000-ലധികം ഉപഭോക്താക്കളും 165-ലധികം വൻകിട പദ്ധതികളും, അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ സാക്ഷ്യം.
വിനോദം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ഗ്രൂപ്പ് വ്യാപിച്ചു. ഈ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഭാര്യ ലിനി റോയിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്താനും, ഹോബികൾ പിന്തുടരാനും അദ്ദേഹം ശ്രദ്ധിച്ചു. വാഹനപ്രേമിയായ റോയിയുടെ ഗാരേജിൽ 12 റോൾസ് റോയ്‌സ് ഉൾപ്പെടെ 25-ഓളം ആഡംബര വാഹനങ്ങൾ—കോടികളുടെ സമ്പത്ത്. ആഡംബര ജീവിതശൈലിയോടുള്ള അദ്ദേഹത്തിന്റെ അഭിരുചി പരസ്യമായിരുന്നു. ബുഗാട്ടി വെയ്‌റോൺ
ഏകദേശം 11 കോടി വിലവരുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ്-ലീഗൽ കാറുകൾ ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
എന്നാൽ ആ തിളക്കത്തിന്റെ പിന്നിൽ, എളിമയിൽ നിന്നുയർന്ന ഒരാളുടെ ആത്മവിശ്വാസമുണ്ടായിരുന്നു. ലോകത്തെ കീഴടക്കാനുള്ള ആകാംക്ഷയോടെ ഒരുകാലത്ത് മുൻ ബെഞ്ചിലിരുന്ന ചെറിയ ഉയരമുള്ള ആൺകുട്ടി. പിന്നീട് വ്യവസായലോകം അറിയുന്ന ശക്തികേന്ദ്രമായി വളർന്നു പക്ഷെ അതേ ലോകത്തെ അതിവേഗം ഉപേക്ഷിച്ചുപോയി. 1996-ൽ ഫേൺ വാലിയിൽ പോൾ ഫെർണാണ്ടസിന്റെ കീഴിൽ പഠിച്ചുതുടങ്ങിയ അദ്ദേഹം, 2000-ൽ കെ.കെ. നമ്പൂതിരിയുമായുള്ള പങ്കാളിത്തത്തിലൂടെ മുന്നേറി, 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപി ച്ചു. നൂറു കണക്കിന് ഏക്കർ ഭൂമിയും അനേകം പദ്ധതികളും—അത് ഒരാളുടെ സ്വപ്നശക്തിയുടെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് റോയ് ഒരു പ്രതീക്ഷയായിരുന്നു—ഒരു “സാധാരണ മനുഷ്യനും” അസാധാരണ ഉയരങ്ങളിലെത്താമെന്നതിന്റെ തെളിവ്. വിമർശകർക്ക് ആ ജീവിതശൈലി അമിതപ്രദർശനമായി തോന്നിയേക്കാം.
ഡോ. റോയിയുടെ ജീവിതം കണക്കുകളും കെട്ടിടങ്ങളും മാത്രം ആയിരുന്നില്ല. അനേകരെ സഹായിച്ച മനുഷ്യ സ്‌നേഹത്തിന്റെ കഥകളും അതിനൊപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് സഹായം, രോഗികൾക്ക് ചികിത്സ, സംഘടനകൾക്ക് പിന്തുണ. ഉയരത്തിലെത്തിയിട്ടും, എളിയ തുടക്കം മറക്കാത്ത
ഒരാളായിരുന്നു അദ്ദേഹം. ആളുകളെ കൈപിടിച്ച് കയറ്റാനുള്ള മനസ്സ് അദ്ദേഹത്തെ മനുഷ്യനാക്കി. എല്ലാം ഉണ്ടായിരുന്നിട്ടും, എളിമയിൽ നിന്ന് ഉയർന്നു വന്ന്, അനേകർക്ക് തണലായി നിന്ന ഒരു ജീവിതം, അതിന്റെ ദാരുണാന്ത്യം നമ്മോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: വിജയം എത്ര ഉയരമുള്ളതായാലും, മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദതയെ അവഗണിച്ചാൽ, അത് മതിയാകുമോ? റോയിയുടെ കഥ, ഉയർച്ചയുടെ ഗാഥ മാത്രമല്ല—കൈപിടിച്ച് ഉയർത്തിയ ഒരുപിടി മനുഷ്യരുടെ ഓർമ്മയും കൂടിയാണ്.
റോയിയുടെ ബിസിനെസ്സ് സാമ്രാജ്യം വളർന്നതോടെ, നിഴലുകളും നീളം പിടിച്ചു. വഞ്ചനയും വാഗ്ദാന ലംഘനവും മുതൽ അനധികൃത നിർമാണം വരെ, നിരവധി ആരോപണങ്ങൾ കോൺഫിഡന്റ് ഗ്രൂപ്പിനെ ചുറ്റിപ്പറ്റി. 2018-ൽ നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. തടാകക്കരകളിലും ബഫർ സോണുകളിലും അനധികൃത നിർമ്മാണം നടത്തിയെന്ന ആരോപണങ്ങൾ പരിസ്ഥിതി പ്രവർത്തകരുടെയും നിയമസംവിധാനങ്ങളുടെയും രോഷം ഉയർത്തി. 2020-ൽ, ദുബായ് ആസ്ഥാനമായ എൻആർഐ ഷാജി വർഗീസിന്റെ പരാതിയിൽ, റോയ് വഞ്ചിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർന്നു. അതേ വർഷം ആദായനികുതി വകുപ്പിന്റെ നടപടി, ഹൈക്കോടതിയുടെ കണ്ടുകെട്ടൽ ഉത്തരവുകൾ, ആഡംബര കാറുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ പൊതുജന സമക്ഷം പിടിച്ചെടുക്കപ്പെട്ടത്—വിജയത്തിന്റെ പ്രതീകങ്ങൾ തന്നെ അനിശ്ചിതത്വത്തിന്റെ അടയാളങ്ങളായി മാറി. അതിലും നാടകീയമായി, ഒരു മുൻ ജീവനക്കാരൻ നടത്തിയ കൊലപാതകശ്രമക്കേസിൽ റോയിക്കെതിരെ കുറ്റം ചുമത്തപ്പെട്ടു.
ജാമ്യമില്ലാ വാറണ്ട്—ഒരു കാലത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുത്ത കൈകൾ, നിയമത്തിന്റെ കഠിനതയിൽ വിറയ്ക്കുന്ന കാഴ്ച. (ശരിതെറ്റുകൾ എനിക്കറിയില്ല, ആരോപണങ്ങളാകാം അങ്ങനെ പറയുവാനാണ് എനിക്കിഷ്ടവും. അതുകൊണ്ടു കല്ലെടുക്കുവാൻ ഞാൻ മുതിരുന്നുമില്ല) റോയിയുടെ ജീവിതം നമ്മോട്
പറയുന്നത് ഇതാണ്: മനുഷ്യന്റെ ഉയർച്ച എത്ര വേഗമാണോ, അത്രത്തോളം തന്നെ വേഗത്തിൽ വീഴ്ചയും സംഭ വിക്കാം, നിലനിൽപ്പും അനിശ്ചിതമാകാം. സമ്പത്തും പ്രശസ്തിയും ശക്തിയുമെല്ലാം വെള്ളത്തിലെ കുമിള പോലെ ക്ഷണികങ്ങളാണ്. ഒരു നിമിഷം കൊണ്ട് മാറിമറിയാവുന്ന ജീവിതത്തിൽ, വിജയത്തിന്റെ ഉച്ചകോടിയും താഴ്ചയുടെ ഇരുട്ടും തമ്മിലുള്ള ദൂരം അതീവഹൃസ്വമാണ്. മനുഷ്യജീവിതം, ഒടുവിൽ,
കൈവിരലുകൾക്കിടയിലൂടെ വഴുതിപ്പോകുന്ന മണൽത്തരികളെപ്പോലെ ഭംഗുരവും, നിസ്സാരവും, എന്നാൽ അത്രമേൽ അർത്ഥവത്തുമാണ്. സമാധാനം വാങ്ങാൻ കഴിയാത്ത സമ്പത്താണെന്നു എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സി.ജെ. റോയ് ഒരു പരാജിതനല്ലായിരുന്നു. തിരിച്ചടികൾ അദ്ദേഹത്തെ തളർത്തിയില്ല—പകരം, അവ അദ്ദേഹത്തിന്റെ ഉള്ളിലെ അടങ്ങാത്ത അഭിലാഷത്തെ കൂടുതൽ ഉണർത്തി. ഇഷ്ടികകളിലും സിമന്റിലും ഒതുങ്ങുന്ന ഒരാളല്ല താനെന്ന് അദ്ദേഹം തെളിയിച്ചു; സ്വപ്നങ്ങ ൾക്കു ചിറകുകൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. അതിനാലാണ് റിയൽ എസ്റ്റേറ്റിന്റെ പരിമിതികളിൽ നിന്ന് അദ്ദേഹം വിനോദലോകത്തേക്ക് ചുവടുമാറ്റിയത്. മലയാള സിനിമകൾ നിർമ്മിച്ച കോൺഫിഡന്റ് ഫിലിം ഫാക്ടറി അദ്ദേഹത്തിന്റെ മറ്റൊരു മുഖമായിരുന്നു. അതിനപ്പുറം, കായികരംഗത്തേക്കും അദ്ദേഹം കൈവച്ചു—ബാഡ്മിന്റൺ ലീഗിൽ മത്സരിച്ച കേരള ഷട്ടിലേഴ്‌സ്. ഈ മാറ്റങ്ങൾ എല്ലാം, ഒരു മനുഷ്യന്റെ കാഴ്ചപ്പാട് എത്രത്തോളം വിശാലമാകാമെന്നതിന്റെ തെളിവായിരുന്നു. മാധ്യമ രംഗത്ത് കോൺഫിഡന്റ് ടിവി (പിന്നീട്
വിറ്റുപോയെങ്കിലും), ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ, എവിടെയൊക്കെയോ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പുതിയ ചക്രവാളങ്ങൾ തേടുന്ന ഒരിക്കലും തൃപ്തനാകാത്ത സംരംഭകമനസ്സിന്റെ പ്രകടനം. റോയ് സമ്പത്ത് സമ്പാദിക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല; അത് ആസ്വദിക്കാനും, ലോകത്തിന് മുന്നിൽ തുറന്നു കാട്ടാനും അദ്ദേഹം ധൈര്യം കാണിച്ചു. സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും ജീവിതത്തിന്റെ ഉത്സവമായി മാറ്റുന്ന ഒരാളെന്ന പ്രതിച്ഛായ അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്തു.അനേകം ശതകോടീശ്വരന്മാർ ഗേറ്റഡ് എസ്റ്റേറ്റുകളുടെ മതിലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു കാലത്ത്, റോയ് തന്റെ ജീവിതം ലോകത്തിന് മുന്നിൽ തുറന്നുവച്ചു. സൗത്ത് ഇന്ത്യയിലും വിദേശത്തും വ്യാപിച്ച ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു സി.ജെ. റോയ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, കോൺഫിഡൻറ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗളൂരുവിലെ ഭൂമി 700 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ആ തുക കേരള ത്തിലെ വിവിധ സംരംഭങ്ങളിലേക്ക് നിക്ഷേപിക്കാനുള്ള ആലോചനകളിലായിരുന്നു അദ്ദേഹം. മരണത്തിന് ഒരു മാസം മുൻപ്, “എപ്പോൾ വേണമെങ്കിലും മരിക്കാൻ ഞാൻ സന്തോഷവാനാണ്.” എന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്ന് ഒരു മുന്നറിയിപ്പായി മാറുന്നു. “വിമാനം തകരുമെന്ന് ക്യാപ്റ്റൻപറഞ്ഞാൽ പോലും ഞാൻ കരയില്ല” എന്ന ആ വാചകം, പുറം ലോകത്തിന് അതിശയമായിരുന്നു; ഉള്ളിലുണ്ടായിരുന്ന അസ്വസ്ഥതയുടെ പ്രതിധ്വനിയായിരുന്നുവോ അത്?.
പ്രശസ്തി നോക്കാതെ അനേകരെ സഹായിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 2018–19 പ്രളയ കാലത്തും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും, അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അല്ലാതെയും വൻസാമ്പത്തിക സഹായം നൽകി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭങ്ങളിൽ, 2025-ൽ കേരളത്തിലും കർണാടകയിലുമായി 201 വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപ സാമ്പത്തിക സഹായം നൽകുന്ന ഒരു സ്‌കോളർഷിപ്പിനെ അദ്ദേഹം പിന്തുണച്ചു. കേരളത്തിലെ വിദൂരഗ്രാമങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള ഒരു പദ്ധതിക്കായി 6 മില്യൺ രൂപ സംഭാവന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ, കേരളത്തിലെ 100 നിരാലംബരായ ആളുകൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നൽകാനുള്ള കെഎംസിസി യുഎഇയുടെ പദ്ധതിയുടെ പ്രധാന സ്പോൺസറായിരുന്നു അദ്ദേഹം. സിനിമാലോകത്തിന്റെയും ഉന്നത സമൂഹത്തിന്റെയും തിളക്കമാർന്ന ഭ്രമണപഥങ്ങളിലൂടെ അനായാസമായ കരിഷ്മയോടെ സഞ്ചരിച്ച ഒരു മനുഷ്യൻ. പരാജയങ്ങളെ പാഠങ്ങളാക്കി, വിജയങ്ങളെ ലളിതമായി കൈവശമാക്കിയ ഒരാൾ—ഈ കടുത്ത തീരുമാനത്തിലേക്ക് തള്ളിവിട്ടത് എന്ത് സമ്മർദ്ദമാണെന്ന് ഇന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ചോദ്യങ്ങൾ ബാക്കി.വർഷങ്ങളോളം കഠിനാധ്വാനത്തോടെ പടുത്തുയർത്തിയ തന്റെ ബിസിനസ് സാമ്രാജ്യം ഒരു നിമിഷം കൊണ്ട് തകർക്കപ്പെടുന്നുവെന്ന ബോധം—അതുണ്ടാക്കിയ മാനസികാഘാതമാണ് നാടിനെ നടുക്കിയ ഈ മരണം. ആത്മവിശ്വാസം എന്ന നല്ല പേരുള്ള കമ്പനി, കോടികൾ ആസ്തിയുള്ള ഉടമസ്ഥന് ഒരു നിമിഷത്തേക്ക്ആത്മവിശ്വാസം നഷ്ടപ്പെട്ടത് വിചിത്രമായിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്, റിച്ച്മണ്ട് സർക്കിളിനടുത്തുള്ള തന്റെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ റെയ്ഡുകളും അതുമൂലം ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദവുമാണ് ഈ അപ്രതീക്ഷിത അന്ത്യത്തിലേക്ക് വഴിമാറിയതെന്ന് പ്രാഥമിക സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. റോയി ഉപയോഗിച്ച പിസ്റ്റൾ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ ഓരോ നിമിഷവും പുനഃസൃഷ്ടിക്കാനായി, ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ—തോക്ക് ഡിസ്ചാർജ് ചെയ്ത നിമിഷം ഉൾപ്പെടെ—വിശദമായി പരിശോധിക്കപ്പെടുകയാണ്. മരണത്തിന് മുൻപ് അദ്ദേഹം എന്തെങ്കിലും സന്ദേശം അയച്ചിരുന്നുവോ എന്നറിയാൻ, ഓഫീസ് മുഴുവൻ സൂക്ഷ്മമായി പരിശോധിച്ചു; ഒരു കുറിപ്പോ, ഒരു എഴുത്തോ, ഒരു അവസാന വാക്കോ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കാൻ, റോയിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചു. ആദായനികുതി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കെ, റോയ് സ്വയം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽഎത്തിച്ചെങ്കിലും, മെഡിക്കൽ ഇടപെടലുകൾ ഫലപ്രദമായില്ല. ജീവൻ അപ്പോൾ തന്നെ കൈവിട്ടിരുന്നു. ഈ സംഭവം ഒരു അന്വേഷണ റിപ്പോർട്ടായി മാത്രം ചുരുങ്ങരുത്.
എല്ലാ ബിസിനസ് കാര്യങ്ങളും സത്യസന്ധമായിട്ടാണ് നടത്തുന്നതെങ്കിൽ പിന്നെ എന്തിന് പേടി? നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പോലും, അത് പരിഹരിക്കാൻ നിരവധി നിയമമാർഗങ്ങൾ നിലവിലുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഈ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പോലീസ് വിശദമായ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കണം.ആദായനികുതി റെയ്ഡുകൾ കാരണം അദ്ദേഹം സമ്മർദ്ദത്തിലായിരുന്നുവെന്ന റിപ്പോർ ട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അത് വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് ഇന്നും പ്രയാസമാണ്. റോയിയെ അടുത്ത റിയുന്നവരുടെ അഭിപ്രായം “അദ്ദേഹം അത്ര സെൻസിറ്റീവ് ആണെന്ന് ഒരിക്കലും കരുതുന്നില്ലെന്നാണ്. ആത്മഹത്യ ചെയ്യാൻ പോകുന്ന ആളല്ല—വളരെ ധീരനായ മനുഷ്യനായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അദ്ദേഹം അപൂർവനായിരുന്നു,”. തന്റെ ജീവിതത്തെ ഒരു ആഘോഷമായികരുതുന്നവനായിരുന്നു. ഇത്രയും ആവേശത്തോടെ ജീവിച്ച ഒരാളുടെ ജീവിതം ഇങ്ങനെ അവസാനിച്ചതെങ്ങനെ എന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരെയും അലട്ടുന്നത്. എല്ലാം ഉണ്ടെന്ന് തോന്നിയിട്ടും, ഒരുവഴിയും മുന്നിൽ അവശേക്ഷിച്ചിട്ടില്ലെന്നു തോന്നിയതെങ്ങനെ?. എളിമയിൽ നിന്ന് ഉയർന്നു വന്ന്, അനേകർക്ക് തണലായി നിന്ന ഒരു ജീവിതം, അതിന്റെ ദാരുണാന്ത്യത്തോടെ നമ്മോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: വിജയം എത്ര ഉയരമുള്ളതായാലും, മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദതയെ അവഗണിച്ചാൽ, അത് മതിയാകുമോ? പൂർണ്ണമായി വിരിയുന്നതിന് മുമ്പേ തന്നെ തന്റെപരിമളം ലോകമാകെ പകരുകയും, അപ്രതീക്ഷിതമായി വാടിപ്പോയ ഒരു പുഷ്പത്തെപ്പോലെയാണ് റോയിയുടെ ജീവിതം.
എന്തു വലിയ സമ്മർദ്ദങ്ങളായാലും, എന്തു അപമാനങ്ങളായാലും, എന്തു നിയമ നടപടികളായാലും—ദൈവം നൽകിയ ജീവൻ സ്വന്തമായി എടുത്തു കളയാൻ ആര്ക്കും അവകാശമില്ല. ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല; അത് ഒരു പ്രശ്നത്തിനും ഉത്തരമാകുന്നില്ല. ആ വേദന അനവധി മനസ്സുകളിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്. ജീവിതം ഒരു പരീക്ഷയാണ്; ചിലപ്പോൾ അതികഠിനമായ പരീക്ഷ. എന്നാൽ പരീക്ഷയിൽ നിന്ന് ഒഴിഞ്ഞോടുന്നത് വിജയമല്ല. നിയമം, സമയം, സത്യം—ഇവയെല്ലാം മനുഷ്യനെ ചോദ്യം ചെയ്യും; പക്ഷേ അതിന് മറുപടി നൽകേണ്ടത് ജീവനോടെ നിന്നുകൊണ്ടേയാകണം. ഒരു മനുഷ്യന്റെ തോൽവി പോലും തിരുത്താവുന്നതാണ്; പക്ഷേ എടുത്തുകളഞ്ഞ ജീവൻ ഒരിക്കലും തിരികെ വരില്ല. സി. ജെ. റോയിയുടെ ജീവിതം ഒരു മുന്നറിയിപ്പുപോലെയാണ്—മനുഷ്യൻ സ്വന്തമാക്കുന്ന ഉയരങ്ങൾ അവനെ രക്ഷിക്കണമെന്നില്ല; മറിച്ച്, അവയുടെ നിഴൽ ചിലപ്പോൾ അവനെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യാം. സമ്പത്തിന്റെയും പ്രശസ്തിയുടെയും പ്രകാശത്തിൽ മനുഷ്യൻ സ്വന്തം ഉള്ളിലെ ഇരുട്ടിനെ കാണാതെ പോകുമ്പോൾ, ആ ഇരുട്ട് ഒരുനാൾ അവനെ മുഴുവനായി മൂടിയേക്കാം.
“മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെ; വയലിലെ പൂക്കളെപ്പോലെ അവൻ പൂത്തുലയുന്നു. കാറ്റ് അതിന്മേൽ കടന്നുപോയാൽ അത് ഇല്ലാതാകുന്നു” (സങ്കീർത്തനം 103:15–16) എന്ന ദൈവവചനം റോയിയുടെ ജീവിതകഥയിൽ വേദനാജനകമായ യാഥാർത്ഥ്യമായി പ്രതിഫലിക്കുന്നു. സമ്പത്തിന്റെയും പ്രശസ്തിയുടെയും പ്രകാശത്തിൽ പൂർണ്ണമായി വിരിഞ്ഞതായി തോന്നിയ ആ പൂവ്, ഒരു ശക്തമായ കാറ്റ് കടന്നുപോയപ്പോൾ, അവശേഷിച്ചത് ഓർമ്മകളു ടെ ശൂന്യത മാത്രം. ലോകം കണ്ടത് ആഡംബരത്തിന്റെനിറങ്ങളായിരുന്നു; ദൈവം കണ്ടത് ഭാരമേറിയ ആത്മാവിന്റെ മൗനവിളി. സ്വയം സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ ഉയരങ്ങളിൽ നിൽക്കുമ്പോഴും, റോയിയുടെ അപ്രതീക്ഷിത അന്ത്യം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതു തന്നെ ജീവിതം പുല്ലുപോലെ ക്ഷണികം, ശ്വാസംപോലെ അസ്ഥിരം, ആവിപോലെ നിമിഷനേരം മാത്രം നിലനിൽക്കുന്ന ഒരു ദാനം മാത്രമാണെന്ന്. സി. ജെ. റോയിയുടെ ജീവിതം ഇന്ന് നമ്മോട് മൗനത്തിൽ പറയുന്നു:മനുഷ്യന്റെ മഹത്വം അവന്റെ ഉയരത്തിൽ അല്ല, അവൻ തിരിച്ചറിയുന്ന നിസ്സാരതയിലാണ്. മനുഷ്യജീവിതത്തെപ്പോലെ തന്നെ, വിജയവും ഭംഗുരമാണ്.
ദൈവവചനം പറയുന്നു: “നീ മനുഷ്യനാണ്; മനുഷ്യൻ മണ്ണിൽനിന്നു വന്നവനാണെന്നും മണ്ണിലേക്കുതന്നെ മടങ്ങിപ്പോകുമെന്നുമുള്ള സത്യം മറക്കുമ്പോൾ, ജീവിതത്തിന്റെ നിസ്സാരത കൂടുതൽ ഭീകരമായി വെളിപ്പെടുന്നു. മണ്ണിൽക്കൂടി നേടിയതെല്ലാം മണ്ണിലുപേക്ഷിച്ചുള്ള മടക്കം. ജീവിതം പഠിപ്പിക്കുന്ന പാഠം എപ്പോഴും ഒരുപോലെയാണ്—ഉയരങ്ങൾ സ്ഥിരമല്ല; ശ്വാസം പോലും നമ്മുടേതല്ല. റോയിയുടെ അന്ത്യത്തെ നാം ഒരു വാർത്തയായി മാത്രം വായിക്കരുത്. അത് നമ്മെ ചോദ്യം ചെയ്യുന്ന ഒരു ആത്മീയ സന്ദേശമാണ്. ജീവിതം ഒരു സമ്പാദ്യപ്പട്ടികയല്ല; അത് ഒരു വിശ്വാസയാത്രയാണ്.
ജയങ്ങളും തോൽവികളും അക്കൗണ്ടുകളിൽ രേഖപ്പെടില്ല; അവ ആത്മാവിൽ മാത്രമേ ശേഷിക്കൂ. മനുഷ്യന്റെ മഹത്വം അവന്റെ കൈവശമുള്ളതിൽ അല്ല, അവൻ വിട്ടുകൊടുക്കാൻ പഠിക്കുന്നതിലാണ്. വിജയം അവനെ നിർവചിക്കുന്നില്ല; അവന്റെ നിസ്സാരതയെ തിരിച്ചറിയുന്ന നിമിഷങ്ങളാണ് അവനെ മനുഷ്യ നാക്കുന്നത്. സമ്പത്ത് കെട്ടിപ്പടുക്കാം, സാമ്രാജ്യങ്ങൾ ഉയർത്താം; എന്നാൽ മനസ്സിന്റെ സമാധാനംകണ്ടെത്താതെ പോയാൽ, എല്ലാ ഉയരങ്ങളും അപൂർണ്ണമാണ്. ഹൃദയത്തിന്റെ ഭാഷയിൽ എന്റെ ആദരാഞ്ജലികൾ.
Manu Philip shares details about the death and life journey of Confident Group Chairman Dr. C. J. Roy.















