യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിൽ; വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ എസ്. ജയശങ്കറുമായി ചർച്ച നടത്തും

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് റൂബിയോ വൻകിട വ്യവസായ പ്രതിനിധി സംഘത്തിനൊപ്പം മുംബൈയിലെത്തുന്നത്.

മേയിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം അന്ന് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ പിഴത്തീരുവ ചുമത്താൻ അനുമതി നൽകിയിരുന്ന റഷ്യ-ഇറാൻ ഉപരോധ നിയമത്തിലെ ചില വ്യവസ്ഥകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിവാക്കിയതിന് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം. വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനൊപ്പം യുക്രെയ്ൻ, പശ്ചിമേഷ്യ സംഘർഷങ്ങളും ചർച്ചയാകും. സംഘർഷങ്ങൾ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വിതരണത്തെ ബാധിക്കുന്നതും ഇന്ത്യ മുന്നോട്ടുവച്ച റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ നിർദേശവും ചർച്ചയിൽ ഇടംപിടിച്ചേക്കും.

കഴിഞ്ഞ ഒരു വർഷമായി ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര-തീരുവ നയങ്ങളും ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കുന്ന നിയന്ത്രണങ്ങളും പാക്കിസ്ഥാനുമായുള്ള യുഎസിന്റെ അടുപ്പവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും മന്ദഗതിയിലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് എണ്ണ ശുദ്ധീകരണശാലയും റൂബിയോ സന്ദർശിക്കും. റഷ്യൻ എണ്ണയുടെ പ്രധാന സംസ്കരണ കേന്ദ്രമാണിത്. യുഎസിലെ ടെക്സസിൽ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാൻ റിലയൻസ് വൻ നിക്ഷേപം നടത്തുന്നുണ്ട്. വെനസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നുമാണ് കമ്പനി.

റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഊർജ ഇറക്കുമതി വൈവിധ്യവൽക്കരിച്ചിട്ടുണ്ടെങ്കിലും വിതരണക്കാരെ പെട്ടെന്ന് മാറ്റുക എളുപ്പമല്ലെന്നും ഉപരോധങ്ങളും തീരുവകളും ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ 60 ദിവസത്തെ ഇളവ് കാലയളവ് ഉപയോഗിക്കുമെന്നും റൂബിയോ വ്യക്തമാക്കിയിരുന്നു. റൂബിയോയെ കാണാൻ ജയശങ്കർ മുംബൈയിലെത്തുമെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പരാമർശം പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിലെ പ്രമുഖരെ ഡൽഹിക്ക് പുറത്തുവച്ച് സ്വീകരിക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ പിന്തുടരുന്ന രീതിയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Marco Rubio to arrive in India today; trade, security and technology on agenda

More Stories from this section

family-dental
witywide