
ന്യൂയോർക്ക് ദീർഘകാലം ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ സ്ഥിരതാമസമായിരുന്ന മാത്യു ബെഞ്ചമിന്റെ സഹധർമ്മിണി ശ്രീമതി. മറിയാമ്മ ബെഞ്ചമിൻ (അമ്മുക്കുട്ടി-81) ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള സ്വവസതിയിൽ വെച്ച് അന്തരിച്ചു. സംസ്ക്കാരം ജനുവരി 29, 31 തീയ്യതികളിലായി ഫ്ളോറിഡയിൽ നടക്കും.
ഇൻഡ്യൻ എയർഫോഴ്സിലെ റിട്ടയേഴ്സ്ഡ് ഉദ്യോഗസ്ഥനും സ്റ്റാറ്റൻ ഐലന്റിലെ സാമൂഹ്യ-സാംസ്ക്കാരി രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ശ്രീ. മാത്യു ബെഞ്ചമിൻ ഭർത്താവും, എലിസബേത്ത് (ഷേർലി), റെജീന(ഷെഫി), ആനി(ഷീബ), മനോജ് എന്നിവർ ജാമാതാക്കളും ജോനാഥൻ(വിമൻ), മൈക്കിൾ(വിനയ്), ജൂണിയർ, ജെസീക്ക എന്നിവർ കൊച്ചുമക്കളുമാണ്. ടായി ആണ് ഗ്രേറ്റ് ഗ്രാന്റ് ചൈൽഡ്. ജോസഫ് വർഗീസ്, ആലീസ് ചെറിയാൻ, ഏബ്രഹാം ജോസഫ് എന്നിവർ പരേതയുടെ സഹോദരങ്ങളാണ്.
1976 ൽ ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മ ബെഞ്ചമിൻ മൻഹാട്ടനിലെ കൊളംബിയ പ്രസ്ബിറ്റേറിയൻ ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്സ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്റ്റാറ്റൻ ഐലൻ്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകരായിരുന്നു ബെഞ്ചമിൻ കുടുംബം. മലയാളി അസോസിയേഷന്റെ സെക്രട്ടറി, മലയാളം സ്കൂളിൻ്റെ സ്ഥാപക പ്രവർത്തർ, യൂത്ത് വിഭാഗത്തിന്റെ കോർഡിനേറ്റർ, വിവിധ പരിപാടികളുടെ സംഘാടകർ തുടങ്ങിയ നിലകളിൽ ബെഞ്ചമിൻ നിസ്‌തുലമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
2007ലാണ് കുടുംബം ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് താമസം മാറ്റുന്നത്. സീറോ മലബാർ കാത്തോലിക്ക ദേവാലയത്തിലെ സജീവാംഗമായിരുന്നു പരേത. പൊതുദർശനവും അനുസ്‌മരണ ശുശ്രൂഷയും ജനുവരി 29 വ്യാഴാഴ്ച ഫ്ളോറയിൽ നടന്നു. ജനുവരി 31-തീയതി ശനിയാഴ്‌ച രാവിലെ റോയൽ പാം ബീച്ചിലുള്ള ഔവർ ലേഡി ക്യൂൻ ഓഫ് ദി അപ്പസ്തോലിക് കത്തോലിക്ക ദേവാലയത്തിൽ വെച്ച് മൃതസംസ്ക്കാര ശുശ്രൂഷകളും തുടർന്ന് പീസ് കാത്തലിക് സെമിത്തേരിയിൽ സംസ്ക്കാരവും നടക്കും.
പരേതയുടെ വേർപാടിൽ സറ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷൻ ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് ജോസഫ്(ബാബു), സെക്രട്ടറി അലക്‌സ് തോമസ്, ഫൊക്കാനയുടെ നേതാവും സ്റ്റാറ്റൻ ഐലന്റ് മലയാളി സീനിയർ ഫോറം പ്രസിഡന്റുമായ തോമസ് തോമസ് പാലത്തറ, എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹികളും സാമൂഹ്യ പ്രവർത്തകനുമായ ക്യാപ്റ്റൻ രാജു ഫിലിപ്പ്, മലയാളി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്ന ജോമോൻ മാവേലിക്കര തുടങ്ങിയവർ മറിയാമ്മ ബെഞ്ചമിനെ അനുസ്മരിക്കുകയും വേർപാടിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു.
Mariamma Benjamin passes away in Florida











