കാനഡയിലെ മറൈൻലാൻഡ് പാർക്കിൽ തടവിൽ കഴിയുന്ന അവസാന തിമിംഗലങ്ങൾക്ക് ആശ്വാസം. ഇവയെ അമേരിക്കയിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് കാനഡ സർക്കാർ നിബന്ധനകളോടെ അനുമതി നൽകിയതോടെ ദയാവധം (euthanasia )ഒഴിവായി.
കാനഡയുടെ മത്സ്യബന്ധന മന്ത്രി ജോയാൻ തോംപ്സൺ തിങ്കളാഴ്ച ഒന്റാരിയോയിലെ നയാഗ്ര ഫാൾസിലുള്ള മറൈൻലാൻഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പാർക്കും സൂവും അടച്ചുപൂട്ടിയ മറൈൻലാൻഡിൽ ഉള്ള മൃഗങ്ങളെ അമേരിക്കയിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് ചർച്ച ചെയ്തത്. പാർക്കിലുള്ള 30 ബെലൂഗ തിമിംഗലങ്ങളെയും നാല് ഡോൾഫിനുകളെയും ഏറ്റെടുക്കാൻ നാല് യു.എസ്. സ്ഥാപനങ്ങളുമായി ചർച്ചകൾ നടക്കുന്നതായാണ് വിവരം.
ചർച്ചകൾ ഫലപ്രദമായിരുന്നു. കയറ്റുമതി അനുമതിക്ക് നിബന്ധനകളോടെ അംഗീകാരം നൽകിയിട്ടുണ്ട്. ആവശ്യമായ അവസാന വിവരങ്ങൾ ലഭിച്ചാൽ അന്തിമ അനുമതി നൽകുമെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ അറിയിച്ചു. മറൈൻലാൻഡിന് സാമ്പത്തികമായി വലിയ പ്രതിസന്ധിയുണ്ടെന്നും, അനുമതി ലഭിച്ചില്ലെങ്കിൽ ജനുവരി 30-നകം മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കേണ്ടിവരുമെന്നും പാർക്ക് മന്ത്രിയെ അറിയിച്ചതായി കാനേഡിയൻ പ്രസിന് ലഭിച്ച കത്തിൽ പറയുന്നു.
മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മന്ത്രിയുടെ പിന്തുണ ലഭിച്ചതായി മറൈൻലാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ഈ അപൂർവ സമുദ്ര സസ്തനികളുടെ ജീവൻ മുൻഗണന നൽകിയ മന്ത്രിക്കും കാനഡ സർക്കാരിനും നന്ദി എന്നും അവർ പ്രസ്താവനയിൽ പറഞ്ഞു കഴിഞ്ഞ ആഴ്ച ഫെഡറൽ സർക്കാരിന് മുന്നിൽ ‘അത്യാവശ്യ രക്ഷാപദ്ധതി’ അവതരിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഷിക്കാഗോയിലെ ഷെഡ് അക്വേറിയം, അറ്റ്ലാന്റയിലെ ജോർജിയ അക്വേറിയം, കണക്റ്റിക്കട്ടിലെ മിസ്റ്റിക് അക്വേറിയം, യു.എസ്.യിലെ വിവിധ കേന്ദ്രങ്ങളുള്ള സീവേൾഡ് എന്നിവയുമായി ചർച്ച നടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഒന്റാരിയോ മുഖ്യമന്ത്രി ഡഗ് ഫോർഡും തീരുമാനത്തെ പിന്തുണച്ചു. ഇപ്പോൾ ഉള്ളതിനെക്കാൾ നല്ല വാസസ്ഥലമാണ് ഇവർക്കു ലഭിക്കുക. ഇപ്പോഴത്തെ ഇടം വളരെ ചെറുതാണ് എന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ മറൈൻലാൻഡിൽ 20 തിമിംഗലങ്ങൾ — ഒരു കില്ലർ വെയിലും 19 ബെലൂഗകളും — ചത്തതായി കാനേഡിയൻ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറിൽ, ചൈനയിലെ ചിമിലോങ് ഓഷ്യൻ കിംഗ്ഡം അക്വേറിയത്തിലേക്ക് ബെലൂഗകളെ മാറ്റാൻ മറൈൻലാൻഡ് അനുമതി തേടിയിരുന്നെങ്കിലും, തടവിൽ പ്രകടനത്തിനായി ഉപയോഗിക്കപ്പെടുമെന്ന കാരണത്താൽ മന്ത്രി അത് നിരസിച്ചിരുന്നു. 2019-ൽ തിമിംഗലങ്ങളെയും ഡോൾഫിനുകളെയും തടവിൽ വയ്ക്കുന്നത് നിരോധിച്ചതാണെങ്കിലും മറൈൻലാൻഡിലെ മൃഗങ്ങൾക്ക് അന്ന് പ്രത്യേക ഇളവ് നൽകിയിരുന്നു.
Marineland Beluga Whales Approved to be Moved to US; Euthanasia Averted










