
ജോർജിയ: മുൻ റിപ്പബ്ലിക്കൻ പ്രതിനിധി മാർജറി ടെയ്‌ലർ ഗ്രീൻ രാജിവെച്ച സീറ്റ് നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നടക്കുന്നത് വലിയ പോരാട്ടം. ഗ്രീനിന്റെ മുൻ സഹായികളും പ്രാദേശിക രാഷ്ട്രീയക്കാരും മുതൽ പുതുമുഖങ്ങൾ വരെ ഈ മത്സരരംഗത്തുണ്ട്. ഗ്രീനിന്റെ മുൻ സ്റ്റാഫ് അംഗമായിരുന്ന ടള്ളി, മണ്ഡലത്തിൽ ഗ്രീനിന്റെ അഭാവം വലിയൊരു ശൂന്യത സൃഷ്ടിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ജനങ്ങൾക്ക് ഒരു പുതിയ തുടക്കം നൽകാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ട്രംപിനോടുള്ള കൂറും ഗ്രീനിനോടുള്ള ബഹുമാനവും സമന്വയിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ പ്രചാരണം.
മുൻ ഫയർ ഫൈറ്ററായ ജെയിംസ് മാർട്ടി ബ്രൗൺ ഗ്രീനിന്റെ രാഷ്ട്രീയ ശൈലിയെ രൂക്ഷമായി വിമർശിക്കുന്നു. ഗ്രീൻ ജനങ്ങളെ ഭിന്നിപ്പിച്ചുവെന്നും വലിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് പകരം അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു അവരുടെ യാത്രയെന്നും അദ്ദേഹം ആരോപിക്കുന്നു. സ്ഥാനാർത്ഥികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം ഡോണൾഡ് ട്രംപിനോടുള്ള നിലപാടാണ്. ഗ്രീനും ട്രംപും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ തിരഞ്ഞെടുപ്പിൽ നിഴലിക്കുന്നുണ്ട്.
പ്രമുഖരായ പ്രാദേശിക നേതാക്കൾ ട്രംപിനെ പിന്തുണയ്ക്കുമ്പോഴും ഗ്രീനിനെ നേരിട്ട് വിമർശിക്കാൻ മടിക്കുന്നു. എന്നാൽ രാഷ്ട്രീയത്തിൽ പുതിയതായി എത്തിയവർ ഗ്രീനിനെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.
മാർച്ച് 10-നാണ് റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്നത്. ഇതിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കിൽ ഏപ്രിലിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. റിപ്പബ്ലിക്കൻ കോട്ടയായതിനാൽ പ്രൈമറിയിൽ ജയിക്കുന്നയാൾ തന്നെയാകും പാർലമെന്റിലേക്ക് എത്താൻ കൂടുതൽ സാധ്യത.











