ചൊവ്വയിലെ ‘കാണാക്കടൽ’ ഒടുവിൽ കണ്ടെത്തി; ജീവൻ്റെ തെളിവുകളിലേക്ക് വഴിതുറന്ന് ‘ബാത്‌ടബ് റിംഗ്’

വാഷിംഗ്ടൺ: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹത്തിൽ അതിവിശാലമായ ഒരു മഹാസമുദ്രം ഉണ്ടായിരുന്നു എന്നതിന് ശക്തമായ ഭൂമിശാസ്ത്ര തെളിവുകളുമായി അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ പുതിയ പഠനം. ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ കണ്ടെത്തിയ വിസ്തൃതമായ ഭൂഗർഭ തട്ടുകളാണ് ചുവന്ന ഗ്രഹത്തിൻ്റെ ഒളിഞ്ഞിരുന്ന സമുദ്രചരിത്രം വെളിപ്പെടുത്തിയത്. പ്രശസ്ത ശാസ്ത്ര മാസികയായ ‘നേച്ചർ’ ജേണലിലാണ് ഈ നിർണായക പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വർഷങ്ങളായി ശാസ്ത്രലോകം തിരയുന്ന ചൊവ്വയിലെ സമുദ്രത്തിൻ്റെ അതിരുകൾ കണ്ടെത്താൻ ഒരു ‘ബാത്‌ടബ് റിംഗ്’ പോലെ അവശേഷിച്ച ഈ ഭൂപ്രകൃതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

തുമ്പുണ്ടാക്കിയത് ഭൂമിയിലെ പരീക്ഷണം

പണ്ട് ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു എന്നതിന് നദീതടങ്ങളും തടാക രൂപങ്ങളും തെളിവ് നൽകിയിരുന്നെങ്കിലും, ഒരു മഹാസമുദ്രം ഉണ്ടായിരുന്നു എന്ന് സമർത്ഥിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. മുൻപ് കണ്ടെത്തിയ തീരപ്രദേശങ്ങളുടെ അടയാളങ്ങൾ ഗ്രഹത്തിൻ്റെ പല ഭാഗത്തും പല ഉയരങ്ങളിലായിരുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

എന്നാൽ പുതിയ പഠനത്തിൽ ശാസ്ത്രജ്ഞർ സമീപനം മാറ്റി. അവർ തീരങ്ങൾക്ക് പകരം സമുദ്രങ്ങൾ അവശേഷിപ്പിക്കുന്ന വിപുലമായ ഭൂമിശാസ്ത്രപരമായ തട്ടുകളിലേക്ക് ശ്രദ്ധ തിരിച്ചു. ഭൂമിയിലെ സമുദ്രങ്ങളിലെ വെള്ളം പൂർണ്ണമായി ഒഴിവാക്കിയാൽ കാണുന്ന വൻകരത്തട്ടുകളുടെ ഘടന കമ്പ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ പഠിച്ചു. തുടർന്ന് ചൊവ്വാ പേടകങ്ങൾ അയച്ച ചിത്രങ്ങളും ഭൂപടങ്ങളും പരിശോധിച്ചപ്പോഴാണ് ഭൂമിയിലേതിന് സമാനമായ അതിവിസ്തൃതവും പരന്നതുമായ വൻകരത്തട്ട് ചൊവ്വയുടെ വടക്കൻ താഴ്ന്ന പ്രദേശങ്ങളിലും കണ്ടെത്താനായത്.

ഇതൊരു ചെറിയ തടാകമല്ല, മറിച്ച് ചൊവ്വയുടെ മൂന്നിലൊന്ന് ഭാഗവും മൂടിക്കിടന്ന ഒരു വലിയ സമുദ്രമായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കടലിലെ ശക്തമായ തിരമാലകളും ഒഴുക്കും അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളും ദീർഘകാലം കൊണ്ട് തീരപ്രദേശങ്ങളെ പുനർരൂപകൽപ്പന ചെയ്യുമ്പോഴാണ് ഇത്തരം വൻകരത്തട്ടുകൾ രൂപപ്പെടുന്നത്. താൽക്കാലികമായുണ്ടായ വെള്ളപ്പൊക്കത്തിലോ മഞ്ഞുരുകലോ കൊണ്ടോ ഇത്തരമൊരു ഘടന രൂപപ്പെടില്ല. അതിനാൽ ചൊവ്വയിൽ ദശലക്ഷക്കണക്കിന് വർഷങ്ങളോളം ദ്രാവകരൂപത്തിൽ ജലം നിലനിർത്താൻ പാകത്തിലുള്ള സ്ഥിരതയുള്ള അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

പുരാതന നദികൾ ഒഴുകി വലിയൊരു ജലാശയത്തിലേക്ക് ചേരുന്ന ഭാഗത്ത് രൂപപ്പെട്ട ഡെൽറ്റകളുടെ സ്ഥാനവും ഈ വൻകരത്തട്ടിന് ചുറ്റുമായാണ് കാണപ്പെടുന്നത്. ഇത് നദികളെല്ലാം ഒരൊറ്റ മഹാസമുദ്രത്തിലേക്കാണ് പതിച്ചിരുന്നതെന്ന വാദത്തിന് കൂടുതൽ ശക്തി പകരുന്നു.

ജീവൻ്റെ സാന്നിധ്യം കണ്ടെത്താം

ഈ കണ്ടെത്തൽ ചൊവ്വയിലെ ജീവൻ്റെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. ഭൂമിയിൽ സമുദ്രത്തിനടിയിലെ അവശിഷ്ടങ്ങളിലാണ് പുരാതന ഫോസിലുകളും രാസവസ്തുക്കളുടെ അടയാളങ്ങളും നന്നായി സംരക്ഷിക്കപ്പെടാറുള്ളത്. സമാനമായി ചൊവ്വയിലെ ഈ പുരാതന തീരദേശ തട്ടുകളിൽ പര്യവേക്ഷണം നടത്തിയാൽ പണ്ട് അവിടെ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നുവോ എന്നതിൻ്റെ വ്യക്തമായ തെളിവ് ലഭിച്ചേക്കാം. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ഈ പ്രദേശം മാറുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Mars’ ‘sea of ​​gems’ finally discovered; ‘Bathtub ring’ paves the way to evidence of life

More Stories from this section

family-dental
witywide