അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെയിലെ തിരക്കിൽ മോഷണ പരമ്പര, നാണക്കേട്; മൊത്തം 30 ലക്ഷത്തിന്റെ സ്വർണം കവർന്നെന്ന് റിപ്പോർട്ട്

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ ബാരാമതിയിൽ വൻ സ്വർണ്ണക്കവർച്ച നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ബന്ധുക്കളുടെയും പ്രമുഖരുടെയും പക്കൽ നിന്നായി ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. തിരക്കിനിടയിൽ തക്കം പാർത്തിരുന്ന മോഷണസംഘം സ്ത്രീകളുടെ മാലയടക്കമുള്ള ആഭരണങ്ങൾ കവരുകയായിരുന്നു.

അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് ബാരാമതിയിലെ വസതിയിൽ ഒത്തുകൂടിയത്. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും ജനത്തിരക്ക് മുതലെടുത്താണ് മോഷ്ടാക്കൾ തങ്ങളുടെ കൈക്രിയ നടത്തിയത്. ചടങ്ങുകൾക്ക് ശേഷം മടങ്ങിയപ്പോഴാണ് പലരും ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

സംഭവത്തിൽ ബാരാമതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഒരു മരണവീട്ടിലെ സങ്കടകരമായ അന്തരീക്ഷത്തിൽ പോലും ഇത്രയും വലിയ മോഷണം നടന്നത് പ്രദേശവാസികളെയും രാഷ്ട്രീയ പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide