വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച രാഹുലിനെ പുറത്തിറക്കാനാകാതെ പൊലീസ്, പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ വൻ സംഘർഷം. ആശുപത്രിയ്ക്ക് പുറത്ത് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തുടങ്ങിയ യുവജന രാഷ്ട്രീയ പാർട്ടികൾ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസിന് ഇതുവരെ രാഹുലിനെ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച രാഹുലിനെതിരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചു. വാഹനത്തില്‍ നിന്നും രാഹുലിനെ പുറത്തിറക്കാന്‍ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുകയും അവരെ മറികടന്ന് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റുകയുമായിരുന്നു. ആശുപത്രിക്കകത്തേക്ക് തള്ളികയറാനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി.

രാഹുലിന് പൊതിച്ചോർ നൽകിയും പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. രാഹുല്‍ കേരളത്തിന് അപമാനമാണെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹനല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. വെെദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ അർധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്.

Massive protests at Pathanamthitta hospital as MLA Rahul Mamkootathil taken for medical examination

More Stories from this section

family-dental
witywide