ഐസിഇ പിരിച്ചുവിടണമെന്നും കുടിയേറ്റ വിഷയങ്ങളിൽ മനുഷ്യത്വം വേണമെന്നും മേയർ സൊഹ്രാൻ മംദാനി

ന്യൂയോർക്ക്: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) പിരിച്ചുവിടണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്രാൻ മംദാനി അഭിപ്രായപ്പെട്ടു. കുടിയേറ്റ വിഷയങ്ങളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു. ABC ചാനലിലെ ‘ദി വ്യൂ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേയർ.

മിന്നസോട്ടയിൽ ICE ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മൂന്ന് കുട്ടികളുടെ അമ്മയായ റെനി ഗുഡ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, ICE റദ്ദാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം അവതാരക ഉന്നയിച്ചതിന് മറുപടിയായാണ് മംദാനിയുടെ പ്രതികരണം.

ICE പിരിച്ചുവിടണം എന്ന നിലപാടിലാണ് ഞാൻ. ഈ ഏജൻസി തങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം നിർവഹിക്കാൻ താൽപര്യമില്ലാത്ത പോലെയാണ് നാം കാണുന്നത്. ഇമിഗ്രേഷൻ നിയമം നടപ്പാക്കേണ്ട സർക്കാർ ഏജൻസിയാണ് ICE. എന്നാൽ യാഥാർഥ്യത്തിൽ, നിയമവസ്തുതകളോ വ്യക്തികളുടെ കുടിയേറ്റ നിലയോ കണക്കാക്കാതെ ആളുകളെ ഭീതിയിലാഴ്ത്തുകയാണ് അവർ ചെയ്യുന്നതെന്ന് മംദാനി പറഞ്ഞു.

ഓരോ ദിവസവും ആളുകളെ വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമെല്ലാം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കാണേണ്ടിവരുന്നു. ഇതിന് പകരം മനുഷ്യത്വമാണ് വേണ്ടത്. പൊതു സുരക്ഷയുടെ പേരിൽ നടക്കുന്ന ICE റെയ്ഡുകൾ ക്രൂരവും അമാനുഷികവുമാണ്. ഇവ പൊതുസുരക്ഷ ഉറപ്പാക്കുന്നില്ല, മറിച്ച് ജനങ്ങളിൽ ഭയം മാത്രമാണ് വിതറുന്നതെന്നും മംദാനി പറഞ്ഞു.

പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചും മംദാനി പ്രതികരിച്ചു. കുടിയേറ്റ വിഷയങ്ങളിൽ ട്രംപിനോട് തുറന്നും നേരിട്ടും സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്ക്ച്വറി നഗരങ്ങൾക്ക് ഫെഡറൽ ഫണ്ട് നിർത്തുമെന്ന ട്രംപിന്റെ ഭീഷണിയെ കുറിച്ച് പ്രതികരിച്ച മേയർ, ന്യൂയോർക്കുകാരുടെ അവകാശങ്ങൾക്കായി പോരാടുമെന്നും വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങളും നിയമങ്ങളും ചർച്ചയ്ക്കുള്ള വസ്തുക്കളല്ല. ന്യൂയോർക്കുകാരുടെ ജീവിതം വെച്ച് ചർച്ച നടത്താൻ ഞാൻ തയ്യാറല്ലെന്നും മംദാനി പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച, ലോംഗ് ഐലൻഡിൽ ഒരു സാധാരണ ഇമിഗ്രേഷൻ അപ്പോയിന്റ്മെന്റിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ ജീവനക്കാരനെ ICE കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മംദാനി ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇത് ജനാധിപത്യത്തിനും നഗര മൂല്യങ്ങൾക്കും എതിരായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ആഭ്യന്തര സുരക്ഷാ വകുപ്പ് ഇയാൾ നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നയാളാണെന്നും കുറ്റകൃത്യ ചരിത്രമുണ്ടെന്നും അറിയിച്ചു. എന്നാൽ നഗര ഭരണകൂടം അദ്ദേഹത്തിന് നിയമപരമായ താമസപദവി ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഉഗാണ്ടയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ മംദാനി, വർഷങ്ങളായി ICEയുടെ നടപടികളെ വിമർശിച്ചു വരികയാണ്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ICE നിയമങ്ങളെയും സമാധാനക്രമത്തെയും മാനിക്കാത്ത ഏജൻസിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Mayor Sohran Mandani calls for dismantling ICE and humanity in immigration matters

More Stories from this section

family-dental
witywide