കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിൻ്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് മെഡിക്കൽ ബോർഡ്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്‌ധ സംഘം മന്ത്രിയെ പരിശോധിച്ചു. എംആർഐ സ്കാനിങ് നടത്തണമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സിൽ മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ഉച്ചയ്ക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം മൂന്നേകാലോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധവും അക്രമവും അരങ്ങേറിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. എന്നാൽ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ കയ്യേറ്റം ചെയ്തതായി വ്യക്തമല്ലെന്നും മന്ത്രിയാണ് പ്രവർത്തകർക്കെതിരെ ആക്രോശിച്ചെത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
Medical bulletin out; Minister’s neck injured in KSU protest









