ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻറ്സ് അസോസിയേഷനും (എഐഎംഎസ്എ) ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (എഫ്എഐഎംഎ) അറിയിച്ചു.
ഇറാനിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളിൽ നിന്ന് തങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് എയിംസ് വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ പറഞ്ഞു. ഇറാനിലെ വിവിധ പ്രവിശ്യകളിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർഥികൾക്ക് നിലവിൽ ഭീഷണിയില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
വിദ്യാർഥികളുടെ കുടുംബങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും സംഘടനകൾ വ്യക്തമാക്കി.തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനും കൃത്യമായ വിവരങ്ങൾ കൈമാറാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും സംഘടനകൾ അറിയിച്ചു.
പല വിദ്യാർഥികളും നേരിട്ട് ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന വിവരം വീട്ടുകാരെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയും ഉന്നത ഉദ്യോഗസ്ഥരും വിദ്യാർഥികളുമായും പ്രാദേശിക അധികൃതരുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്നഗരങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ പ്രക്ഷോഭം കൂടുതൽ പ്രവിശ്യകളിലേക്ക് പടരുകയാണ്. ഇരുനൂറിലധികംപേർ ഇതിനകം കൊല്ലപ്പെട്ടു. സർക്കാർ ഓഫീസുകൾക്കും വാഹനങ്ങൾക്കും പ്രക്ഷോഭകർ വ്യാപകമായി തീയിട്ടു.
പ്രക്ഷോഭകരെ കർശനമായി നേരിടുമെന്ന് ഇറാൻ സർക്കാർ പ്രഖ്യാപിച്ചതോടെ വെടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇൻ്റർനെറ്റ്, ടെലഫോൺ വിലക്കുള്ളതിനാൽ കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ല. അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമാണെന്ന അധികൃതരുടെ വിവരം വലിയ ആശ്വാസമാകുകയാണ്.
Medical organizations say Indian students are safe in Iran














