
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാൻ പോയ മെയ്‌തേയി യുവാവിനെ ഒരു സംഘം വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. കാക്ചിംഗ് ജില്ലയിലെ കാക്ചിംഗ് ഖുനൗ സ്വദേശിയായ 29 വയസ്സുകാരൻ മായാങ്‌ലാംബം ഋഷികാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്.
നേപ്പാളിൽ ജോലി ചെയ്തിരുന്ന ഋഷികാന്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ചുരാചന്ദ്പൂർ സ്വദേശിനിയും കുക്കി വിഭാഗക്കാരിയുമായ ഭാര്യ ചിങ്‌നു ഹാവോകിപ്പിനെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. തുയ്ബോങ് മേഖലയിലെ വീട്ടിൽ നിന്ന് ഋഷികാന്തിനെയും ഭാര്യയെയും അജ്ഞാതർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഭാര്യയെ വിട്ടയച്ചെങ്കിലും ഹെൻഗ്ലെപ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നട്ജാങ് ഗ്രാമത്തിന് സമീപം വെച്ച് ഋഷികാന്തിനെ വെടിവെച്ചു കൊന്നു.
യുവാവ് മുട്ടുകുത്തി നിന്ന് കൈകൾ കൂപ്പി ജീവനായി അപേക്ഷിക്കുന്നതും, അക്രമികൾ ക്രൂരമായി വെടിവെക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കൊലപാതകത്തിന് പിന്നിൽ സായുധ കുക്കി ഗ്രൂപ്പുകളാണെന്നാണ് മെയ്തേയി സംഘടനകൾ ആരോപിക്കുന്നത്. സംഭവത്തിൽ മണിപ്പൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചുരാചന്ദ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വംശീയ സംഘർഷം ഈ സംഭവത്തോടെ വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Meitei youth shot dead while visiting his Kuki wife, unrest erupts again in Manipur.












