വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ; 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

കാലിഫോര്‍ണിയ: വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ടെക് ഭീമനായ മെറ്റ. മെറ്റ റിയാലിറ്റി ലാബ്‍സ് വിഭാഗത്തിൽ നിന്ന് 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോർട്ട്. കമ്പനിയുടെ വെർച്വൽ റിയാലിറ്റി (വിആർ), മെറ്റാവേർസ് പോലുള്ള ഫ്യൂച്ചറിസ്റ്റിക് പ്രോജക്‌ടുകളിൽ പ്രവർത്തിക്കുന്ന റിയാലിറ്റി ലാബ്‌സ് ഡിവിഷനിലാണ് ഇത്തവണ പിരിച്ചുവിടലുകൾ സംഭവിച്ചിരിക്കുന്നത്.

മെറ്റയുടെ കൂട്ടപിരിച്ചുവിടലുകളെ തുടർന്ന്, പുതിയ ജോലി തേടിക്കൊണ്ടുള്ള മെറ്റയിലെ മുൻ ജീവനക്കാരുടെ ‘ഓപ്പൺ ടു വർക്ക്’ പോസ്റ്റുകൾ ലിങ്ക്ഡ്ഇനിൽ നിറഞ്ഞിരിക്കുന്നത്. ഈ പിരിച്ചുവിടലുകളിൽ പരിചയസമ്പത്ത് ഒരു ഘടകമായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിരിച്ചുവിടപ്പെട്ടവരില്‍ മെറ്റയിൽ ഒരു വർഷം മാത്രം ജോലി ചെയ്‌തിരുന്ന ജീവനക്കാരും കഴിഞ്ഞ 8-10 വർഷമായി കമ്പനിയുമായി വിശ്വസ്‌തത പുലർത്തിയിരുന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്.

മെറ്റാവേഴ്‌സിൽ നിന്ന് എഐ, വെയറബിൾസ് എന്നിവയിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് പിരിച്ചുവിടൽ. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗ് ഇപ്പോൾ മെറ്റാവേഴ്‌സിന് പകരം പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), സ്‍മാർട്ട് ഗ്ലാസുകൾ പോലുള്ള സ്‍മാർട്ട് വെയറബിളുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

പുനഃസംഘടനയുടെ ഭാഗമായി മെറ്റ അതിന്‍റെ ആർമേച്ചർ, സാൻസാരു, ട്വിസ്റ്റഡ് പിക്സൽ എന്നീ മൂന്ന് ഇൻ – ഹൗസ് വെർച്വൽ റിയാലിറ്റി (VR) ഗെയിമിംഗ് സ്റ്റുഡിയോകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ക്വസ്റ്റ് പ്ലാറ്റ്‌ഫോമിനായി മികച്ച ഗെയിമുകളും ഉള്ളടക്കവും നിർമ്മിച്ചിരുന്നത് ഈ സ്റ്റുഡിയോകളാണ്. എങ്കിലും മെറ്റ മറ്റ് അഞ്ച് സ്റ്റുഡിയോകൾ നിലനിർത്തിയിട്ടുണ്ട്. ഇത് കമ്പനി വിആർ ഗെയിമിംഗ് പൂർണ്ണമായും ഉപേക്ഷിക്കുന്നില്ലെന്നും എന്നാൽ ഇപ്പോൾ തിരഞ്ഞെടുത്തതും ലാഭകരവുമായ പ്രോജക്റ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഈ കൂട്ടപ്പിരിച്ചുവിടലുകൾക്ക് ഏറ്റവും വലിയ കാരണം സാമ്പത്തിക നഷ്‍ടങ്ങളാണെന്നും സൂചനയുണ്ട്. റിയാലിറ്റി ലാബ്‍സ് വിഭാഗം കുറച്ചുകാലമായി മെറ്റയ്ക്ക് വലിയ നഷ്‌ടമുണ്ടാക്കുന്ന ഒരു സംരംഭമാണ്. സമീപകാല ത്രൈമാസ ഫലങ്ങളിൽ, യൂണിറ്റ് 470 മില്യൺ ഡോളർ വരുമാനം മാത്രമാണ് നേടിയത്. അതേസമയം 4.4 ബില്യൺ ഡോളറിന്‍റെ വൻ നഷ്‍ടം നേരിട്ടു. മെറ്റാവേഴ്‌സിൽ നിന്ന് വെയറബിൾസിലേക്ക് കമ്പനി നിക്ഷേപം മാറ്റുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide