അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തുള്ള എൽ പാസോ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപരിധി യുഎസ് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ബുധനാഴ്ച രാവിലെ താൽക്കാലികമായി അടച്ചു. 10 ദിവസത്തേക്ക് എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് ഈ നടപടി. മെക്സിക്കൻ കാർട്ടൽ ഡ്രോൺ കടന്നുകയറ്റം ഉണ്ടായതിനെ തുടർന്ന് FAAയും പ്രതിരോധ വകുപ്പും അതിവേഗം നടപടി സ്വീകരിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി എക്സിലെ കുറിപ്പിൽ അറിയിച്ചു.
ഭീഷണി നിർവീര്യമാക്കിയിട്ടുണ്ട്. പ്രദേശത്തെ വാണിജ്യ വിമാന സർവീസുകൾക്ക് യാതൊരു അപകടവുമില്ലന്നും ബുധനാഴ്ച രാവിലെ മുതൽ സാധാരണ സർവീസുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ അപ്‌ഡേറ്റിൽ FAA എൽ പാസോയിലെ താൽക്കാലിക നിയന്ത്രണം പിൻവലിച്ചതായി അറിയിച്ചു. വാണിജ്യ വിമാനയാത്രയ്ക്ക് ഭീഷണിയില്ലെന്നും വിമാനങ്ങൾ സാധാരണ പോലെ പ്രവർത്തനം തുടരുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, പ്രത്യേക സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പ്രഖ്യാപിച്ച 10 ദിവസത്തെ അടച്ചിടൽ നടപടി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഏകദേശം ഏഴുലക്ഷം ജനസംഖ്യയുള്ള അതിർത്തി നഗരം ആയ എൽ പാസോ, മെക്സിക്കോയിലെ സിയുഡാഡ് ഹുവാരസുമായി ചേർന്ന് അതിർത്തി വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്. ഈ നിയന്ത്രണം മെക്സിക്കോയുടെ വ്യോമപരിധിയിലേക്ക് വ്യാപിച്ചിരുന്നില്ല.
നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളം ഇൻസ്റ്റാഗ്രാമിൽ അറിയിച്ചതനുസരിച്ച്, ചൊവ്വാഴ്ച രാത്രി മുതൽ ഫെബ്രുവരി 20 വരെ എല്ലാ വാണിജ്യ, ചരക്ക്, ജനറൽ എവിയേഷൻ സർവീസുകളും നിർത്തിവയ്ക്കുമെന്ന് പറഞ്ഞിരുന്നു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ വിവരങ്ങൾ തേടണമെന്ന് നിർദേശിക്കുകയും ചെയ്തു.











