മെക്സിക്കൻ ലഹരിരാജാവ് ‘എൽ മെഞ്ചോ’യ്ക്ക് സ്വർണ്ണ ശവപ്പെട്ടിയിൽ അന്ത്യയാത്ര; സംസ്കാര ചടങ്ങുകൾ നടത്തിയത് കനത്ത സുരക്ഷാ വലയത്തിൽ

ഗ്വാഡലജാര (മെക്സിക്കോ): സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലോകത്തെ ഏറ്റവും ഭീകരമായ മയക്കുമരുന്ന് മാഫിയകളിലൊന്നായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ’ (CJNG) സ്ഥാപകൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെഞ്ചോ’യുടെ സംസ്കാരം നടത്തിയത് സ്വർണ ശവപ്പെട്ടിയിൽ. സംസ്കാരം തിങ്കളാഴ്ച ഗ്വാഡലജാരയിലെ സെമിത്തേരിയിലാണ് നടന്നത്. കനത്ത സുരക്ഷാ കാവലിലായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്.

തിളങ്ങുന്ന സ്വർണ്ണ നിറത്തിലുള്ള ശവപ്പെട്ടിയിലാണ് എൽ മെഞ്ചോയെ അവസാനമായി കിടത്തിയത്. ഇയാൾക്ക് കോഴിയങ്കത്തോടുള്ള താൽപര്യം പ്രതീകാത്മകമായി സൂചിപ്പിക്കുന്ന കോഴിയുടെ രൂപത്തിലുള്ള വലിയ പുഷ്പചക്രം ഉൾപ്പെടെ അഞ്ച് ലോറി നിറയെ പൂക്കളാണ് സെമിത്തേരിയിൽ എത്തിയത്. ഇവയിൽ മിക്കതും അജ്ഞാതരായ ആരാധകർ അയച്ചതായിരുന്നു.

മറ്റ് മയക്കുമരുന്ന് രാജാക്കന്മാരുടെ ശവകുടീരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എൽ മെഞ്ചോയ്ക്കായി ഒരുക്കിയ കല്ലറ ലളിതമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പലരും തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചിരുന്നു. പുതിയ അക്രമങ്ങൾ തടയാൻ നാഷണൽ ഗാർഡിനെ പ്രദേശത്ത് വൻതോതിൽ വിന്യസിച്ചിരുന്നു.

മയക്കുമരുന്ന് രാജാക്കന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള ‘നാർക്കോ കോറിഡോസ്’ സംഗീതത്തിൻ്റെ അകമ്പടിയോടെയായിരുന്നു അന്ത്യയാത്ര. മെക്സിക്കോയിലും അമേരിക്കയിലും ഒരുപോലെ തലയ്ക്ക് വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു എൽ മെഞ്ചോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു

ഫെബ്രുവരി 22-ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ സഹായത്തോടെ മെക്സിക്കൻ സ്പെഷ്യൽ ഫോഴ്സ് ജാലിസ്കോയിലെ തപാൽപയിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഇയാൾക്ക് വെടിയേറ്റത്. ഇയാളെ ഹെലികോപ്റ്ററിൽ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ നെഞ്ചിലും വയറിലും കാലുകളിലും വെടിയേറ്റതായി മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എൽ മെഞ്ചോ കൊല്ലപ്പെട്ടതറിഞ്ഞ് അനുയായികൾ 20-ഓളം സംസ്ഥാനങ്ങളിൽ വാഹനങ്ങൾ കത്തിച്ചും റോഡുകൾ ഉപരോധിച്ചും വലിയ രീതിയിലുള്ള കലാപം അഴിച്ചുവിട്ടിരുന്നു. സംഘർഷങ്ങളിൽ 70-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Mexican drug lord ‘El Mencho’ laid to rest in a golden coffin; funeral held amid tight security

More Stories from this section

family-dental
witywide