ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വഷളാവുകയാണ്. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെയും അയൽരാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസലാക്രമണം നടത്തി. ഇതിനു പിന്നാലെ ഗൾഫ് മേഖല മുഴുവൻ യുദ്ധഭീഷണിയിലാണ്. ഇറാനിൽ 200 യുദ്ധ വിമാനങ്ങൾ ഇപ്പോൾ ആക്രമണം നടത്തുന്നതായും ഇസ്രയേൽ അവകാശപ്പെടുന്നു.
ബഹ്റൈനിലെ മനാമയിലെ പ്രസിദ്ധമായ ഇറാ ടവറിലേക്ക് ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്തിൽ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരുക്കുണ്ട്. ബഹ്റൈനിലെ ജനവാസ മേഖലകളിൽ മിസൈലുകൾ പതിച്ചു. യുഎസിൻ്റെ സൈനിക മേഖലകളിൽ മാത്രമല്ല, ജനവാസമേഖലകളിലും ഇറാൻ ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മിനാബിലെ ഒരു പെൺകുട്ടികളുടെ സ്കൂളിൽ ഉണ്ടായ സ്ഫോടനത്തിൽ 81 പേർ കൊല്ലപ്പെട്ടു.
അതിനിടെ ഹോർമൂസ് കടലിടക്ക് ഇറാൻ അടച്ചു എന്ന വാർത്തയും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിന് തടസ്സമുണ്ടായാൽ അത് ഗൗരവതരമായ സാഹചര്യം സൃഷ്ടിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേക്കാം. മുൻപും ഈ പ്രദേശം പലതവണ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത് പൂർണമായും തടയപ്പെട്ടില്ലെങ്കിൽ പോലും, ടാങ്കറുകൾക്കുള്ള ഇൻഷുറൻസ് ചെലവ് വർധിക്കുകയും കപ്പൽ ഗതാഗതം മന്ദഗതിയിലാകുകയും ചെയ്യുന്നത് എണ്ണവിലയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്.
സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ ഉത്പ്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാൽ തന്നെ, ഈ പാതയിലെ ചെറിയൊരു അസ്ഥിരത പോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതി ചെലവ് കുത്തനെ ഉയർത്താനും കാരണമാകും.
Middle East on edge of concern; Missiles hit residential areas in Bahrain, report says Iran has closed the Strait of Hormuz









