തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും മുന്നണിയൊടൊപ്പം തുടരുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും കേരള കോണ്‍ഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സഭ നേതൃത്വമൊന്നും മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. അവര്‍ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നവരല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സമരത്തിൽ എംഎൽഎമാരടക്കം പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് അറിയില്ല. അതെല്ലാം അഭ്യൂഹങ്ങളാണ്. വിശ്വാസ്യതയും ധാര്‍മികതയുമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. തുടരുമെന്ന് പറഞ്ഞ് താനിട്ട പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും അവിടെ തന്നെ ഉറച്ചു നിൽക്കുമെന്നുമാണ് മുന്നണി മാറ്റ അഭ്യൂഹങ്ങളെ സംബന്ധിച്ച് നേരത്തെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിരുന്നത്.
Minister Roshi Augustine dismisses rumours . Kerala Congress (M) maintains its alliance with LDF. Minister Roshi Augustine confirmed that the party will not leave LDF










