കഴുത്തിന് ശക്തമായ വേദനയെന്ന് മന്ത്രി വീണാ ജോർജ്, പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പരിശോധന; പ്രതിഷേധങ്ങൾക്കിടെ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനകൾക്കായി പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ കഴുത്തിനേറ്റ പരിക്ക് വിലയിരുത്താൻ മെഡിക്കൽ ബോർഡ് എംആർഐ സ്കാനിംഗ് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മന്ത്രിയോട് കഴുത്തിൽ ബെൽറ്റ് ധരിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

മന്ത്രിക്കു കഴുത്തിന് ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വന്ദേ ഭാരത് എക്സ്പ്രസിൽ കയറാൻ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു.

വീണാ ജോർജിന് നേരെയുണ്ടായ കൈയേറ്റത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രാഷ്ട്രീയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. കോടിയേരി കല്ലിൽത്താഴെയുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് (പ്രിയദർശിനി മന്ദിരം) ബുധനാഴ്ച അർധരാത്രിയോടെ അജ്ഞാതർ തീയിടുകയായിരുന്നു. ഓഫീസിനുള്ളിലെ ഫർണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മന്ത്രിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ ജില്ലയിലുടനീളം കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും തലശ്ശേരിയിലും സമാനമായ രീതിയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നതായി റിപ്പോർട്ടുകളുണ്ട്. കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മന്ത്രിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Minister Veena George says she has severe neck pain, undergoes specialist examination at Pariyaram Medical College.

More Stories from this section

family-dental
witywide