2026 ലെ ഇറാനിയൻ ആക്രമണം പത്താം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈറ്റ്; സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള അവകാശം അടിവരയിട്ട് രാജ്യം

കുവൈറ്റ് സിറ്റി: രാജ്യത്തോടുള്ള കൂറും സ്നേഹവും ഐക്യദാർഢ്യവും പുതുതലമുറയിൽ വളർത്തുന്നതിനും രാജ്യസുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം വളർത്തുന്നതിനുമായി, 2026-ൽ കുവൈറ്റിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങൾ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. പത്താം ക്ലാസിലെ “ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്.. ദി ജേർണി ആൻഡ് ദി എന്റിറ്റി” എന്ന ചരിത്ര പുസ്തകത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിലെ 56, 57 പേജുകളിലാണ് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ, അതിന്റെ അനന്തരഫലങ്ങൾ, രാജ്യത്തിന്റെ ഉറച്ച നിലപാടുകൾ എന്നിവ വ്യക്തമാക്കുന്നത്. ഇറാന്റെയും പ്രാദേശിക മിലിഷ്യകളുടെയും നേതൃത്വത്തിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കുവൈറ്റിലെ സുപ്രധാന സർക്കാർ സംവിധാനങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ നടത്തിയ ആക്രമണങ്ങളാണ് പാഠഭാഗത്തിലുള്ളത്. വൈദ്യുതി-കുടിവെള്ള ഉൽപ്പാദന കേന്ദ്രങ്ങൾ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മന്ത്രാലയ സമുച്ചയങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടായത്. കുവൈറ്റ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ചിത്രങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ കുവൈറ്റ് ശക്തമായി അപലപിക്കുകയും സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള അവകാശം അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും പാഠഭാഗം എടുത്തുകാണിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് നൽകിയ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ പുസ്തകം പ്രകീർത്തിക്കുന്നു. കുവൈറ്റ് ഈ പ്രാദേശിക യുദ്ധത്തിൽ ഒരു കക്ഷിയല്ലെന്ന് വ്യക്തമാക്കിയ അമീർ, മറ്റ് സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും, കുവൈറ്റിന്റെ കര-വ്യോമ-സമുദ്ര അതിർത്തികൾ ഏതെങ്കിലും അയൽരാജ്യത്തിനെതിരായ ആക്രമണങ്ങൾക്ക് വിട്ടുനൽകില്ലെന്നും അമീർ വ്യക്തമാക്കിയ കാര്യം പാഠപുസ്തകം അടിവരയിടുന്നു.

More Stories from this section

family-dental
witywide