മിനിയാപൊളിസ് ഐസിഇ വെടിവയ്പ്പ് : ഗവർണർ വാൾസിനും മേയർ ഫ്രേയ്ക്കും ഗ്രാൻഡ് ജൂറിയുടെ സമൻസ്; രാഷ്ട്രീയ പ്രേരിതമെന്ന് വാൾസ്

വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐസിഇ ഉദ്യോഗസ്ഥൻ റെനെ ഗുഡ് എന്ന യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഗവർണർ ടിം വാൾസിനും മേയർ ജേക്കബ് ഫ്രേയ്ക്കും എതിരെ യുഎസ് നീതിന്യായ വകുപ്പിൻ്റെ അന്വേഷണം. ഇതിൻ്റെ ഭാഗമായി ഗ്രാൻഡ് ജൂറി സമൻസ് അയച്ചു.

ഫെഡറൽ ഇമിഗ്രേഷൻ നിയമപാലകരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് അന്വേഷണം. ഫെഡറൽ ഏജന്റുകളോട് സഹകരിക്കാതിരിക്കുകയോ അവർക്കെതിരെ പരസ്യമായ പ്രസ്താവനകൾ നടത്തി തടസ്സമുണ്ടാക്കുകയോ ചെയ്തു എന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം.

ഗവർണറുടെയും മേയറുടെയും ഓഫീസുകൾ കൂടാതെ, മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ, സെൻ്റ് പോൾ മേയർ കാഹ്‌ലി ഹെർ എന്നിവരുടെ ഓഫീസുകൾക്കും സമൻസ് അയച്ചിട്ടുണ്ട്.

2025-ൻ്റെ തുടക്കം മുതൽ ഫെഡറൽ ഇമിഗ്രേഷൻ അതോറിറ്റികളുമായുള്ള സഹകരണം സംബന്ധിച്ച ആശയവിനിമയ രേഖകളും ഔദ്യോഗിക ഫയലുകളും ഹാജരാക്കാൻ സമൻസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 7-ന് മിനിയാപൊളിസിൽ ഐസിഇ ഏജൻ്റ് റെനെ ഗുഡിനെ വെടിവെച്ചുകൊന്നതിനെത്തുടർന്ന് നഗരത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഗവർണറും മേയറും ഐസിഇയുടെ നടപടികളെ വിമർശിക്കുകയും ഫെഡറൽ ഏജൻ്റുകൾ മിനസോട്ട വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, ഈ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ജനശ്രദ്ധ തിരിക്കാനാണെന്നും ഗവർണർ ടിം വാൾസ് ആരോപിച്ചു. ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്ന് മേയർ ജേക്കബ് ഫ്രേയും വ്യക്തമാക്കി.

Minneapolis ICE shooting: Grand jury summons Governor Walz and Mayor Frey.

Also Read

More Stories from this section

family-dental
witywide