
അമേരിക്കയിലെ മിനസോട്ടയിൽ ഇമിഗ്രേഷൻ വിഭാഗം (ഐ സി ഇ) ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രക്ഷോഭം അതിശക്തമാകുന്നു. നിലവിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ ശാന്തമാക്കാൻ 1,500 സൈനികരോട് ഏതുനിമിഷവും വിന്യസിക്കപ്പെടാൻ തയ്യാറായിരിക്കാൻ പെന്റഗൺ നിർദ്ദേശം നൽകി. വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പോലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധം പ്രതിഷേധം വളരുന്നതാണ് സൈന്യത്തെ രംഗത്തിറക്കാൻ പ്രതിരോധ വകുപ്പിനെ പ്രേരിപ്പിക്കുന്നത്.
പ്രക്ഷോഭകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് രംഗത്തെത്തി. രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ‘ഇൻസറക്ഷൻ ആക്ട്’ പ്രയോഗിക്കുമെന്നും സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഡിസംബർ മുതൽ നിലനിന്നിരുന്ന ചെറിയ പ്രതിഷേധങ്ങൾ സ്ത്രീയുടെ മരണത്തോടെ വലിയ തോതിലുള്ള തെരുവ് യുദ്ധമായി മാറുകയായിരുന്നു.
യുഎസിലെ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ഏജൻസിയായ ഐസിഇയുടെ നടപടികൾക്കെതിരെ ഇതിനോടകം തന്നെ വലിയ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കുടിയേറ്റക്കാരും മനുഷ്യാവകാശ പ്രവർത്തകരും വലിയ തോതിൽ തെരുവിലിറങ്ങിയതോടെ ഫെഡറൽ സേനയും സാധാരണക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സൈനിക ഇടപെടൽ എന്ന ട്രംപിന്റെ തീരുമാനം അമേരിക്കൻ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ തർക്കങ്ങൾക്ക് കാരണമായേക്കും.















