08:18 മുതൽ 08:44 വരെ, ബാരാമതി വിമാനാപകടത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്, റൺവേ കാണാനായില്ല, കത്തിയമർന്നത് ലാൻഡിംഗിനിടെ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ നടുക്കുന്ന വിവരങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ടു. അപകടത്തിൽപ്പെട്ട VI-SSK എന്ന ചാർട്ടേഡ് വിമാനത്തിന്റെ 08:18 മുതൽ 08:44 വരെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദുരന്തം സംഭവിച്ചത്. രാവിലെ 08.18-ന് വിമാനത്താവളവുമായി ബന്ധപ്പെട്ട വിമാനത്തിന്, മോശം കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും കാരണം ആദ്യ ശ്രമത്തിൽ ലാൻഡിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റൺവേ ദൃശ്യമാകാത്തതിനെത്തുടർന്ന് വിമാനം വീണ്ടും ഉയർത്തുകയും രണ്ടാമതൊരു ശ്രമം കൂടി നടത്തുകയുമായിരുന്നു.

രണ്ടാം തവണ വിമാനം റൺവേയ്ക്ക് സമീപമെത്തിയപ്പോൾ ദൃശ്യബന്ധം സ്ഥാപിച്ചതായി പൈലറ്റുമാർ അറിയിച്ചു. തുടർന്ന് 08.43-ന് ലാൻഡിംഗിനുള്ള അനുമതി നൽകിയെങ്കിലും വിമാനത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. തൊട്ടടുത്ത മിനിറ്റിൽ റൺവേയുടെ അരികിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനം റൺവേയുടെ ഇടതുവശത്തേക്ക് തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങൾ, ഒരു പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ, രണ്ട് പൈലറ്റുമാർ എന്നിവരടക്കം ആറുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Minutes Before the Crash: What Happened at Baramati Airport Leading to Ajit Pawar’s Death

More Stories from this section

family-dental
witywide