എംകെ മുനീർ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, ജി ദേവരാജൻ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി; ഇരുവർക്കും ക്യാബിനറ്റ് റാങ്കോടെ നിയമനം

മുതിർന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചിട്ടുണ്ട്. ക്യാബിനറ്റ് റാങ്കോടെയാണ് ഇരുവർക്കും പദവികൾ നൽകുന്നത്. അതേസമയം, മുന്നണിയിലെ മറ്റ് ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, മാണി സി. കാപ്പൻ എന്നിവരുടെ പദവികളിൽ അന്തിമ തീരുമാനമായിട്ടില്ല.

ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് സർക്കാരിലേക്ക് ശുപാർശകൾ സമർപ്പിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. മുൻപ് വി.എസ്. അച്യുതാനന്ദനായിരുന്നു കമ്മീഷന്റെ അധ്യക്ഷൻ. 2021-ൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം പദവി ഒഴിഞ്ഞതിന് ശേഷം ഈ പദവിയിലേക്ക് നിയമനം നടന്നിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നപ്പോൾ നൽകിയ വാഗ്ദാനമാണ് എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിലൂടെ പാലിക്കപ്പെട്ടിരിക്കുന്നത്.

കമ്മീഷൻ ചെയർമാൻ പദവിക്കായി കോൺഗ്രസ് നേതൃത്വവും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷം മുന്നണി മുനീറിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട് ചേർന്നതിനാലും തുടർന്ന് പൊതുപരിപാടികൾ ഉള്ളതിനാലും തീരുമാനങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായിരുന്നില്ല.

MK Muneer Appointed Administrative Reforms Commission Chairman, G Devarajan Named Kerala’s Special Representative in Delhi

More Stories from this section

family-dental
witywide