പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി പാലക്കാട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുൾപ്പെടെ പരിഹാസ രൂപേണ സംസാരിച്ചത്. പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണ്. അതാണ് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖമെന്നും സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോൺഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി, ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രചാരണത്തിന് തുടക്കമായി കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്‍റെ പ്രകൃതി സൗന്ദര്യം വർണിക്കുകയും പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണ്. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരും. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Modi against Rahul Mamkootatil; Congress MLA himself misbehaved with women












