
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി ഒരുക്കങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11-ന് തിരുവനന്തപുരത്തെത്തും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാനത്തെ വോട്ടർമാരെ അഭിസംബോധന ചെയ്യാനും വമ്പൻ വികസന പ്രഖ്യാപനങ്ങൾ നടത്താനുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, വിജയസാധ്യതയുള്ള 35 സീറ്റുകളിൽ ഊന്നൽ നൽകിയുള്ള ‘മിഷൻ 35’ എന്ന തന്ത്രമാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മികച്ച വോട്ടുവിഹിതം നേടിയ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും പ്രധാന പ്രവർത്തനം. കേരളത്തിന്റെ ഭരണഗതി നിർണ്ണയിക്കുന്ന ശക്തിയായി 2026-ഓടെ ബിജെപി മാറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനുവരി 11-ന് എത്തുന്ന അമിത് ഷാ ബിജെപി കോർ കമ്മിറ്റി യോഗത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും.
പ്രമുഖ നേതാക്കളെ തന്നെ മത്സരരംഗത്തിറക്കി ശക്തമായ ത്രികോണ മത്സരത്തിനാണ് പാർട്ടി ഒരുങ്ങുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും, വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കെ. സുരേന്ദ്രനെ പാലക്കാടും ശോഭാ സുരേന്ദ്രനെ കായംകുളത്തും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി മുൻനിർത്തി ‘മോദി ഗ്യാരണ്ടി’ ഉയർത്തിക്കാട്ടിയാകും സംസ്ഥാനത്തെ പ്രചരണം മുന്നോട്ട് കൊണ്ടുപോവുക.














