
ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി കോൺഗ്രസ് എം.പി ശശി തരൂർ. മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. മാവോയിസ്റ്റ് ഭീഷണിയെ ഫലപ്രദമായി നേരിടാൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന നിശ്ചയദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ വലിയ തോതിൽ കുറവുണ്ടായതും, അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ സാധിച്ചതും സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, സർക്കാരിൻ്റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തില്‍ പറയുന്നു. യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ആശയമാണ് മോദി സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള ശേഷിക്കുന്ന 11 ജില്ലകളിൽ കൂടി വികസനമെത്തിക്കുന്നതിലൂടെ മാത്രമേ അന്തിമ വിജയം കൈവരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തരൂരിന്റെ ഈ പരാമർശങ്ങൾ പാർട്ടിക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നേരത്തെയും ചില വിഷയങ്ങളിൽ മോദി സർക്കാരിനെ പിന്തുണച്ചതിന്റെ പേരിൽ തരൂർ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, തന്റെ നിലപാടുകൾ ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ളതാണെന്നും പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിൽ നിന്ന് താൻ മാറിയിട്ടില്ലെന്നുമാണ് അദ്ദേഹം ഈ വിഷയങ്ങളിൽ നൽകുന്ന വിശദീകരണം.
“Modi government has proven capable of dealing with Maoist challenge”; Tharoor praises Modi Government again















