
കേരളത്തിലെ ബിജെപി പ്രവർത്തകരുമായി ‘എന്റെ ബൂത്ത് ഏറ്റവും അഭിമാനം’ എന്ന പരിപാടിയിലൂടെ സംവാദം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ കേരളത്തിൽ ബിജെപിക്ക് അനുകൂലമായ ശക്തമായ തരംഗമുണ്ടെന്നും പുതിയൊരു സർക്കാരിന് മാത്രമല്ല, പുതിയൊരു ഭരണസംവിധാനത്തിന് തന്നെ ജനമനസ്സുകൾ തയ്യാറെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ബിജെപിയുടെ വിജയത്തിനായി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. തൃശൂരിലെ റോഡ് ഷോയിലും പാലക്കാട്ടെ പൊതുപരിപാടിയിലും ജനങ്ങൾ കാണിച്ച ആവേശം കേരളം പുതിയ ചരിത്രം കുറിക്കുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റന്നാൾ താൻ വീണ്ടും കേരളത്തിലെത്തുമെന്നും മോദി പ്രവർത്തകരെ അറിയിച്ചു.
കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. നിരന്തരം വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് കോൺഗ്രസിന്റെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ ആ സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കി. കേരളത്തിൽ ഇത് ആവർത്തിക്കാൻ അനുവദിക്കരുത്. എഐ സമ്മിറ്റിലടക്കം കോൺഗ്രസ് മോശം സമീപനം സ്വീകരിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ പോലും രാഷ്ട്രീയ ലാഭത്തിനായി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മോദി പറഞ്ഞു. എന്ത് മോശം ഭരണം കാഴ്ചവെച്ചാലും അധികാരം മാറിമാറി ലഭിക്കുമെന്ന ഇവരുടെ അഹങ്കാരം ഇത്തവണ ജനങ്ങൾ തിരുത്തും. കോൺഗ്രസ് ഇപ്പോൾ മാവോവാദികളുടെയും മുസ്ലിം ലീഗിന്റെയും താളത്തിന് തുള്ളുന്ന പാർട്ടിയായി മാറി. വോട്ടിന് വേണ്ടി തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് പരാമർശിച്ച പ്രധാനമന്ത്രി, കേരളത്തിലെ സ്വർണ്ണം മുഴുവൻ മോഷ്ടിച്ചവർ വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും അയ്യപ്പ ഭക്തരോട് ഈ മുന്നണികൾ കാണിക്കുന്ന ക്രൂരത എല്ലാവരും കാണുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു.
പ്രവർത്തകർക്ക് ആവേശം പകരാൻ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ടീം പ്രതിസന്ധിയിലായപ്പോൾ സഞ്ജു കാണിച്ച ആത്മവിശ്വാസവും പോരാട്ടവീര്യവും ഓരോ ബിജെപി പ്രവർത്തകനും മാതൃകയാക്കണം. ബൂത്തുകൾ ശക്തമാക്കിയാൽ വിജയം സുനിശ്ചിതമാണെന്നും ഓരോ വീട്ടിലും സമ്പർക്കം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ വിവാദമായ എഫ്‌സിആർഎ (FCRA) വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമായി.
Modi predicts BJP wave in Kerala; slams Congress and LDF over corruption and appeasement politics












