
ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള “അതിശക്തമായ സഖ്യത്തെ” കൂടുതൽ ഊർജിതമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയെ ഒരു ‘മഹാശക്തി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തീവ്രവാദ ഗ്രൂപ്പുകൾക്കും വിനാശകരമായ ശക്തികൾക്കും എതിരെ ഇരുരാജ്യങ്ങളും ചേർന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കി. ഇസ്രായേലിൽ മോദിക്ക് വലിയ ജനപ്രീതിയുണ്ടെന്നും ഈ സന്ദർശനം മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫെബ്രുവരി 27, 28 തീയതികളിൽ നടക്കാനിരിക്കുന്ന ഈ സന്ദർശനം മോദിയുടെ മൂന്നാം ഊഴത്തിലെ ആദ്യ ഇസ്രായേൽ യാത്രയാണ്. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് പുറമെ, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ഭീകരവാദ ഭീഷണികളും ചർച്ചകളിൽ പ്രധാന വിഷയമാകും. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് അനിവാര്യമാണെന്നും ഇറാന്റെ നീക്കങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക വെല്ലുവിളികളെ നേരിടാൻ സംയുക്ത നീക്കം ആവശ്യമാണെന്നും നെതന്യാഹു ഓർമ്മിപ്പിച്ചു.
നയതന്ത്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ സന്ദർശന വേളയിൽ മോദി ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാനും ആഗോള തലത്തിൽ ഭീകരതയ്ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാനും ഈ കൂടിക്കാഴ്ച വഴിതുറക്കും. 140 കോടി ജനങ്ങളുള്ള ഇന്ത്യയുമായുള്ള ബന്ധം ഇസ്രായേലിന് ലോകവേദിയിൽ വലിയ കരുത്തുപകരുമെന്നും നെതന്യാഹു പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Modi’s Israel Visit to Forge Alliance Against Radical Outfits, Says Netanyahu















