മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിജീവിതത്തിലേക്കും ബാല്യകാലത്തിലേക്കും വെളിച്ചം വീശുന്ന നടൻ മോഹൻലാലിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രാഷ്ട്രീയത്തിലെ ഗൗരവക്കാരനായ നേതാവിനപ്പുറം, തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മുഖ്യമന്ത്രി മനസ്സുതുറന്നു. തലശ്ശേരിയിലെ തന്റെ വീട്ടിലെ വിശേഷങ്ങളും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സാഹചര്യവും അദ്ദേഹം പങ്കുവെച്ചു.
അച്ഛന്റെ മരണശേഷം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയതെന്ന് അദ്ദേഹം ഓർത്തെടുത്തു. അമ്മയുടെ കഠിനാധ്വാനമാണ് തന്നെയും സഹോദരങ്ങളെയും വളർത്തിയതെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിലെ തന്റെ കണിശതയും അച്ചടക്കവും ജീവിതാനുഭവങ്ങളിൽ നിന്ന് ഉണ്ടായതാണെന്നും അദ്ദേഹം മോഹൻലാലിനോട് വ്യക്തമാക്കി. ചെറുപ്പത്തില്‍ സ്വാധീനിച്ച പുസ്തകം അന്നാ കരെനീനയാണെന്നും പിണറായി വിവരിച്ചു.
ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും പിണറായി പറഞ്ഞു. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തുവെന്നും മുഖ്യമന്ത്രി വിവരിച്ചു.
ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ അഭിനയിക്കുമോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അതിന്‍റെ പ്രായം കഴിഞ്ഞല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിക്കാറുള്ളൂവെങ്കിലും ലഭിക്കുന്ന സമയം വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമകളെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമുള്ള തന്റെ താല്പര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പിണറായി വിജയന്റെ മറ്റൊരു മുഖമാണ് ഈ അഭിമുഖത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
Mohanlal interviews Pinarayi Vijayan; CM shares childhood and family memories










