ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28 ന് നടത്തിയ സംയുക്ത ആക്രമണത്തിൽ പിന്നീട് ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്‌തബ ഖമനേയി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെക്കൻഡുകളുടെ ഇടവേളയിലാണ് മുജ്തബ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഖമനേയിയുടെ താമസസമുച്ചയത്തിൽ നിന്ന് മുജ്തബ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മിസൈൽ ആക്രമണം നടന്നതെന്നും ഏതാനും സെക്കൻഡുകൾക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
മുൻ പരമോന്നതനേതാവും മുജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനേയി, നിരവധി ഉന്നത ഉദ്യോഗസ്ഥർ, ബന്ധുക്കൾ എന്നിവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർക്കിടയിൽ നടന്ന ഒരു യോഗത്തിന്റെ ഓഡിയോരേഖ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. ഈ ഓഡിയോരേഖ അവിചാരിതമായി ചോർന്നതാണെന്നാണ് വിവരം. മിസൈലുകൾ വളപ്പിൽ പതിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അദ്ദേഹം തോട്ടത്തിലേക്ക് ഇറങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
“മുജ്തബയ്ക്ക് എന്തോ ആവശ്യത്തിനായി പുറത്ത് മുറ്റത്തേക്ക് പോകേണ്ടി വന്നതും പിന്നീട് തിരികെ വരണമെന്നതും ദൈവഹിതമായിരുന്നു,” ഖമനേയിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ മേധാവി മസഹർ ഹുസൈനി സ്വകാര്യ യോഗത്തിൽ ഇറാനിയൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. “അദ്ദേഹം പുറത്തായിരുന്നു, അപ്പോഴാണ് കെട്ടിടത്തിൽ മിസൈൽ പതിച്ചത്,” ഹുസൈനി കൂട്ടിച്ചേർത്തു.മുജ്തബ കെട്ടിടം വിട്ട് അധികം വൈകാതെ ഇസ്രയേലിന്റെ ബാലിസ്റ്റിക് മിസൈലുകൾ വളപ്പിൽ പതിച്ചുവെന്നും, അലി ഖമനേയി ഉൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ബന്ധുക്കളും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് മിസൈലുകൾ ഓഡിയോരേഖ അനുസരിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഒരു മിസൈൽ അലി ഖമനേയി ഉണ്ടായിരുന്ന ഭാഗത്തും മറ്റൊന്ന് മുകളിലെ നിലയിലുള്ള വസതിയിലും പതിച്ചതായി റിപ്പോർട്ട് പറയുന്നു. ഹുസൈനി പറയുന്നതനുസരിച്ച്, മുജ്‌തബയ്ക്ക് കാലിൽ ഒരു ചെറിയ മുറിവേൽക്കുക മാത്രമാണുണ്ടായത്. ഓഡിയോയിൽ ആക്രമണത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്
mojtaba khamenei narrowly escapes US-Israeli attack, audio recording released
















