
ടെഹ്‌റാൻ: ഇറാൻ്റെ അധികാര കേന്ദ്രങ്ങളിൽ ഏറെക്കാലമായി ഉയർന്നുകേട്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയിയുടെ രണ്ടാമത്തെ മകൻ മൊജ്‌തബ ഖമേനിയെ (56) രാജ്യത്തിൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. പിതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ വംശീയ പിൻതുടർച്ചയ്ക്ക് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗീകാരം നൽകിയത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള കടുത്ത ഭീഷണികൾക്കിടയിലും, അസംബ്ലി ഓഫ് എക്സ്പെർട്സ് ഓഫീസുകൾക്ക് നേരെ നടന്ന ബോംബാക്രമണങ്ങൾക്കിടയിലുമാണ് ഈ പ്രഖ്യാപനം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.
ഇറാൻ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നടക്കുന്നത്. പിതാവ് അലി ഖമനേയിയുടെ പിൻഗാമിയായി മൊജ്‌തബ വരുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും, ഇറാൻ്റെ വിപ്ലവ പാരമ്പര്യം പാരമ്പര്യ ഭരണത്തെ എതിർക്കുന്നതിനാൽ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങളിൽ അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അസംബ്ലി ഓഫ് എക്സ്പെർട്സ് അടിയന്തരമായി മൊജ്‌തബയെ തിരഞ്ഞെടുത്തത്. രാജ്യത്തെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ശക്തമായ സമ്മർദ്ദം ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരാണ് മൊജ്‌തബ ഖമേനി
പതിറ്റാണ്ടുകളായി ഇറാൻ്റെ ഭരണസിരാകേന്ദ്രങ്ങളിൽ സജീവമാണെങ്കിലും മൊജ്‌തബ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം വിപ്ലവ ഗാർഡുകളുമായി അടുത്ത ബന്ധം പുലർത്തുന്നു. ഇത് അദ്ദേഹത്തിന് സൈന്യത്തിൻ്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളോടുള്ള സമീപനത്തിൽ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് മൊജ്‌തബ അറിയപ്പെടുന്നത്. വിക്കിലീക്സ് അടക്കമുള്ള രാജ്യാന്തര ഏജൻസികൾ “അധികാരത്തിന് പിന്നിലെ യഥാർത്ഥ ശക്തി” എന്ന് വിശേഷിപ്പിച്ചിരുന്ന വ്യക്തിയാണ് മൊജ്‌തബ.
മൊജ്‌തബയുടെ നിയമനത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. ഈ നിയമനം അംഗീകരിക്കാനാവില്ലെന്നും യുഎസ് പിന്തുണയില്ലാതെ പുതിയ നേതാവിന് അധികകാലം തുടരാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനിലെ വിപ്ലവ ഗാർഡുകൾ പുതിയ നേതാവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം കടുത്ത യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഭരണത്തിൽ വിടവുണ്ടാകാതിരിക്കാനാണ് ഈ അടിയന്തര നീക്കമെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Mojtaba Khamenei the second son of Iran’s Supreme Leader Ayatollah Ali Khamenei, has been elected as the country’s new Supreme Leader.















