
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനി തൻ്റെ ആദ്യ ഔദ്യോഗിക സന്ദേശത്തിലൂടെ നിലപാട് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും ഇറാനികളുടെയും ചോരയ്ക്ക് പകരം ചോദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വിയോഗത്തിന് ശേഷം പദവി ഏറ്റെടുത്ത മൊജ്തബ, സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇറാൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ പുറത്തുവന്ന ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ, ആഗോള എണ്ണ വിപണിയുടെ നാഡീഞരമ്പായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന കടുത്ത നിലപാട് ആവർത്തിച്ചു. അയൽരാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധസാഹചര്യത്തിൽ ശത്രുക്കളെ കടുത്ത സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രമാണ് പുതിയ നേതൃത്വവും സ്വീകരിക്കുന്നത് എന്നാണ് ഈ സന്ദേശം നൽകുന്ന സൂചന.
മൊജ്തബ ഖമേനിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ അദ്ദേഹത്തിൻ്റെ കൈപ്പടയിലുള്ള കുറിപ്പാണ് ആദ്യം പുറത്തുവന്നത്. ഇറാൻ്റെ മുൻ നേതാക്കളായ റൂഹുള്ള ഖമേനി, അലി ഖമേനി എന്നിവരുടെ പേരുകൾക്കൊപ്പം സ്വന്തം പേരും ചേർത്താണ് അദ്ദേഹം അധികാരം ഉറപ്പിച്ചത്. ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ എന്ന വാചകത്തോടെ ആരംഭിക്കുന്ന സന്ദേശം ഒരു പുതിയ ഭരണക്രമത്തിൻ്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാൻ്റെ പരമാധികാരം ഏറ്റെടുത്ത ശേഷം മൊജ്തബ നടത്തുന്ന ഈ പ്രഖ്യാപനം പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
Mojtaba Khamenei Vows Revenge in First Message as Iran’s Supreme Leader; Maintains Blockade on Strait of Hormuz















