മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിനാൽ കൊല്ലപ്പെട്ട ഐസിയു നഴ്‌സ് അലക്‌സ് പ്രെട്ടിയെ കുറിച്ച് കൂടുതൽ  വിവരങ്ങൾ പുറത്ത്

മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അലക്‌സ് പ്രെട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഈ മാസം നഗരത്തിൽ ഫെഡറൽ ഏജന്റുമാർ നടത്തിയ രണ്ടാമത്തെ മാരക വെടിവെയ്പ്പാണിത്. 37 വയസ്സുള്ള അലക്‌സ് പ്രെട്ടി മിനിയാപൊളിസ് വെറ്ററൻസ് അഫയേഴ്സ് (VA) ഹെൽത്ത് കെയർ സിസ്റ്റത്തിൽ ഐസിയു നഴ്‌സായി ജോലി ചെയ്തിരുന്നതായി AFGE പ്രൊഫഷണൽ ലോക്കൽ 3669 അറിയിച്ചു.

സംഭവത്തിൽ യൂണിയൻ അനുശോചനം രേഖപ്പെടുത്തി. ഞങ്ങളുടെ യൂണിയനിലെ ഒരു അംഗത്തെ നമുക്ക് നഷ്ടമായി. ഇത് അതീവ വേദനാജനകമാണ് എന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. മിനിയാപൊളിസ് വെറ്ററൻസ് അഫയേഴ്സ് മെഡിക്കൽ സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. അമേരിക്കൻ വെറ്ററൻസുകൾക്ക് സേവനം ചെയ്യുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്നും AFGE അറിയിച്ചു.

പ്രെട്ടി ഐസിയു നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് ശനിയാഴ്ച മിന്നസോട്ട സെനറ്റർ എമി ക്ലോബുചറും സ്ഥിരീകരിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം അനുസരിച്ച്, 9 മില്ലീമീറ്റർ സെമി-ഓട്ടോമാറ്റിക് തോക്കുമായി ബോർഡർ പട്രോൾ ഏജന്റുകളെ സമീപിച്ച പ്രെട്ടി, ആയുധം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി എതിർത്തുവെന്നാണ് ആരോപണം. എന്നാൽ ഈ വാദം പ്രാദേശിക ഭരണകൂടങ്ങൾ ചോദ്യം ചെയ്തു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവരുമെന്നും ബോർഡർ പട്രോൾ കമാൻഡർ ഗ്രെഗ് ബോവിനോ അറിയിച്ചു. തെളിവുകൾ പൂർണമായി ശേഖരിക്കുന്നതിന് മുമ്പ് നിഗമനത്തിലെത്തിയ ഫെഡറൽ സർക്കാരിന്റെ സമീപനം മിന്നസോട്ട ഗവർണർ ടിം വാൾസും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രെയും വിമർശിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളുള്ള നിരവധി വീഡിയോകളിൽ, ഫെഡറൽ ഏജന്റുകൾ പ്രെട്ടിയുടെ മേൽ രാസവസ്തു സ്പ്രേ ചെയ്യുകയും വെടിവെയ്പ്പിന് മുമ്പ് നിലത്തേക്ക് അമർത്തി പിടിക്കുകയും ചെയ്തതായി കാണാം. മിനിയാപൊളിസ് പോലീസ് ചീഫ് ബ്രയൻ ഒ’ഹാരയുടെ വിശദീകരണം അനുസരിച്ച്, പ്രെട്ടി നിയമപരമായി തോക്ക് കൈവശം വെച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി.

മിനസോട്ട നിയമപ്രകാരം പെർമിറ്റ് ഉണ്ടെങ്കിൽ ഒരാൾക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതിയുണ്ട്. സംസ്ഥാന രേഖകൾ പ്രകാരം, 2021-ൽ മിനസോട്ട നഴ്‌സിംഗ് ലൈസൻസ് നേടിയ പ്രെട്ടിയുടെ ലൈസൻസ് 2026 മാർച്ച് വരെ സാധുവാണ്. മിന്നസോട്ട സർവകലാശാല മെഡിക്കൽ സ്കൂളിൽ ‘ജൂനിയർ സയന്റിസ്റ്റ്’ ആയി മുമ്പ് സേവനമനുഷ്ഠിച്ചിരുന്നുവെന്നും ലിങ്ക്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. 2006-ൽ ഗ്രീൻ ബേ ഏരിയ പബ്ലിക് സ്കൂൾ ഡിസ്ട്രിക്ടിൽ നിന്ന് പ്രെട്ടി പഠനം പൂർത്തിയാക്കിയതായും അധികൃതർ സ്ഥിരീകരിച്ചു.

മിനസോട്ടയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം ആദ്യം സമാനരീതിയിൽ 37കാരിയായ റെനീ ഗുഡ് എന്ന യുവതിയെ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉദ്യോ ഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കൊല. എന്നാൽ പ്രകേപനമില്ലാതെ ഉദ്യോഗസ്ഥർ റെനിയെ വെടിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റെനിയുടെ കൊലപാതകത്തിൽ മിനസോട്ടയിൽ നടന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അലക്‌സ് ജെഫ്രിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

More information emerges about Alex Pretty, the ICU nurse killed by a federal agent in Minneapolis

More Stories from this section

family-dental
witywide