ന്യൂയോർക്ക്/വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പുകളിലും സർക്കാർ നടപടികളിലും പന്തയംവെക്കുന്നതിനെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നതായി റോയിട്ടേഴ്‌സ്–ഇപ്‌സോസ് അഭിപ്രായ സർവേ. പ്രവചന വിപണികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഈ മേഖലക്ക് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പിന്തുണയില്ലെന്ന് സൂചിപ്പിക്കുന്ന സർവേ ഫലം പുറത്തുവന്നത്.
പോളിമാർക്കറ്റ്, കൽഷി തുടങ്ങിയ കമ്പനികൾ നയിക്കുന്ന പ്രവചന വിപണികളിലൂടെ അമേരിക്കൻ തിരഞ്ഞെടുപ്പുകൾ, സർക്കാർ നയതീരുമാനങ്ങൾ, സൈനിക നടപടികൾ, കായിക മത്സരങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ പണം വെച്ച് പ്രവചിക്കാം. എന്നാൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴി രഹസ്യവിവരങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരത്തിനും കൃത്രിമ ഇടപെടലുകൾക്കും സാധ്യത വർധിക്കുമെന്ന ആശങ്ക നയരൂപകർത്താക്കൾക്കുണ്ട്.
ക്രമക്കേടുകൾ തടയാൻ വിപുലമായ നിയന്ത്രണ സംവിധാനങ്ങളുണ്ടെന്നും പരമ്പരാഗത അഭിപ്രായ സർവേകളേക്കാൾ കൃത്യമായി ഫലങ്ങൾ പ്രവചിക്കാൻ തങ്ങളുടെ വിപണികൾക്ക് കഴിയാറുണ്ടെന്നും കമ്പനികൾ അവകാശപ്പെടുന്നു. യഥാർഥ ലോകത്തിലെ വിവിധ അപകടസാധ്യതകൾ നേരിടുന്നതിനും ഇവ സഹായിക്കുമെന്നാണ് കമ്പനികളുടെ വാദം.
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെ നടത്തിയ സർവേയിൽ, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പന്തയംവെക്കുന്നതിനെ 69 ശതമാനം ഡെമോക്രാറ്റുകളും 61 ശതമാനം റിപ്പബ്ലിക്കൻമാരും എതിർത്തു. അമേരിക്കൻ സൈനിക നടപടികളിൽ പന്തയംവെക്കുന്നതിനെ 65 ശതമാനം പേരും സർക്കാർ നയപ്രഖ്യാപനങ്ങളിലും തീരുമാനങ്ങളിലും പന്തയംവെക്കുന്നതിനെ 63 ശതമാനം പേരും എതിർത്തു. ഇവയെ പിന്തുണച്ചത് യഥാക്രമം എട്ട്, ഒൻപത് ശതമാനം പേർ മാത്രമാണ്.
സോഷ്യൽ മീഡിയയിലും ടെലിവിഷനിലും വൻതോതിൽ പരസ്യം ചെയ്യുന്ന പ്രവചന വിപണി മേഖലക്കെതിരെ വിവിധ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് നിയമനിർമാതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഇത്തരം വിപണികൾ അധാർമികമാണെന്നും സമൂഹത്തിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ദേശീയ സുരക്ഷയെ ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
“ഓരോരുത്തർക്കും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. എന്നാൽ മറ്റെന്തിനെയും പോലെ ഇതിനും നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമാണ്,” സർവേയിൽ പങ്കെടുത്ത ഡാലസിന് സമീപം താമസിക്കുന്ന 72കാരിയും ഡെമോക്രാറ്റുമായ റോണ ഷ്മോക്കർ പറഞ്ഞു.
അതേസമയം, പരമ്പരാഗത വിവരസ്രോതസ്സുകളിലുള്ള വിശ്വാസം അമേരിക്കക്കാർക്കിടയിൽ കുറഞ്ഞുവരികയാണെന്നും പക്ഷപാതരഹിതവും കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കാൻ പ്രവചന വിപണികൾ സഹായിക്കുന്നുവെന്നും ഒരു പോളിമാർക്കറ്റ് വക്താവ് പ്രതികരിച്ചു. പോളിമാർക്കറ്റ് സന്ദർശനങ്ങളിൽ 90 ശതമാനത്തിലധികവും പന്തയംവെക്കാനല്ല, മറിച്ച് വിപണികൾ നിരീക്ഷിക്കാനാണെന്നും വക്താവ് പറഞ്ഞു. പ്രവചന വിപണികളുടെ പൊതുപ്രയോജനം കൂടുതൽ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും മിക്കവർക്കും ഇത് പുതിയ മേഖലയാണെന്നും ഇതിന്റെ യഥാർഥ മൂല്യം മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Americans oppose betting on elections, government events, Reuters/Ipsos poll finds










