
എഡിജിപി എം.ആർ. അജിത് കുമാറിനെ ബെവ്‌കോ (BEVCO) സിഎംഡിയായി നിയമിച്ചു. നിലവിൽ ബെവ്‌കോ എംഡിയായിരുന്ന ഐജി ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി മാറ്റി നിയമിച്ചുകൊണ്ടാണ് അജിത് കുമാറിന് പൂർണ്ണ ചുമതല നൽകിയത്. നേരത്തെ എക്‌സൈസ് കമ്മിഷണർ, ബെവ്‌കോ ചെയർമാൻ എന്നീ പദവികൾ ഒരേസമയം വഹിച്ചിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസമാണ് എക്‌സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്നും സർക്കാർ നീക്കിയത്.
ഐഎഎസ് കേഡർ തസ്തികകളിൽ ഐഎഎസുകാർ അല്ലാത്തവരെ നിയമിക്കരുത് എന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) ഉത്തരവ് പരിഗണിച്ചാണ് എക്‌സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ട്രിബ്യൂണൽ ഉത്തരവ് നിലനിൽക്കെ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്‌കോയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് അദ്ദേഹത്തിന് പദവി നൽകിയത്.
അതേസമയം, ഭരണതലത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും നേരിടുന്ന രൂക്ഷമായ വിമർശനങ്ങൾ ഭയന്നാണ് അജിത് കുമാറിനെ പോലീസ് സേനയിലെ പദവികളിൽ നിന്നും മാറ്റിനിർത്തിയതെന്നാണ് വിലയിരുത്തൽ. ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റപ്പെട്ട ശേഷം അദ്ദേഹത്തിന് പോലീസിൽ പ്രധാന പദവികളൊന്നും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഐജി ഹർഷിത അട്ടല്ലൂരിക്ക് ട്രാഫിക് വിഭാഗത്തിന്റെ ചുമതല നൽകിയതോടെ പോലീസ് തലപ്പത്തും ചെറിയ മാറ്റങ്ങൾ പ്രകടമാണ്.
MR Ajith Kumar Appointed as BEVCO CMD; IG Harshita Attaluri Posted as Traffic IG














