
കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണയത്തിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിന്റെ നിലപാടിനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം തള്ളി. അച്ചടക്കലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ട് നൂർബിനയ്ക്ക് നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചതായി സലാം അറിയിച്ചു. പാർട്ടി ഒരു തീരുമാനമെടുത്താൽ അതു തന്നെയാണ് എല്ലാവരുടെയും നിലപാട്. 25 ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ് ലീഗ്. ഈ ഒരു വ്യക്തി മാത്രമാണ് ഇത്തരത്തിൽ പ്രതികരിച്ചത്. മറ്റാരും അങ്ങനെ ചെയ്തിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.
നൂർബിനയുടെ പ്രതികരണം ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. തെറ്റ് തിരുത്തി അവർ തിരിച്ചുവരുമെന്നാണ് തന്റെ വിശ്വാസമെന്നും, അല്ലെങ്കിൽ വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കുമെന്നും സലാം വ്യക്തമാക്കി. ‘സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടെങ്കിൽ അത് പാർട്ടിയോട് പറയേണ്ടതായിരുന്നു. മാധ്യമങ്ങളോട് അതൃപ്തി പറഞ്ഞാൽ ഞങ്ങൾക്ക് എങ്ങനെ പരിഹരിക്കാനാവും? പാർട്ടി അച്ചടക്കം എന്നത് ഒരു വസ്തുതയാണ്. ഈ പ്രതികരണം കൊണ്ട് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല. ഒരു വോട്ട് പോലും കുറയില്ല. വനിതാ ലീഗിന്റെ നിലപാട് പറയേണ്ടത് അതിന്റെ ദേശീയ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ആണ്. ഏതെങ്കിലും ഒരു വ്യക്തി വന്ന് പറഞ്ഞാൽ അത് വനിതാ ലീഗിന്റെ നിലപാടാവില്ല’ എന്നും സലാം കൂട്ടിച്ചേർത്തു.












