
ലക്നൌ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രണയബന്ധത്തിൻ്റെ പേരിൽ മുസ്ലീം യുവാവിനെയും ഹിന്ദു യുവതിയേയും കൊലപ്പെടുത്തി കുഴിച്ചുമൂടി. 27 വയസ്സുകാരനായ അർമാനും 22 വയസ്സുകാരിയായ കാജലുമാണ് കൊല്ലപ്പെട്ടത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ പ്രണയബന്ധത്തോടുള്ള യുവതിയുടെ കുടുംബത്തിൻ്റെ കടുത്ത വിയോജിപ്പാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്.
ഇരുവരെയും കെട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കാജലിൻ്റെ സഹോദരന്മാരായ റിങ്കു സെയ്‌നി, സതീഷ് സെയ്‌നി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
ജനുവരി 18-ന് (ഞായറാഴ്ച) രാത്രി അർമാൻ കാജലിനെ കാണാൻ അവളുടെ വീട്ടിലെത്തിയപ്പോൾ സഹോദരങ്ങൾ രണ്ടുപേരെയും പിടികൂടി. കൈകാലുകൾ കെട്ടിയിട്ട ശേഷം മൺവെട്ടി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. കൊലപാതകത്തിന് ശേഷം ഗ്രാമത്തിന് പുറത്തുള്ള ഒരു ക്ഷേത്രത്തിന് പിന്നിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നു.
മകനെ കാണാനില്ലെന്ന് കാട്ടി അർമാൻ്റെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി ഗ്രാമത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Muslim man and Hindu woman murdered and buried in Moradabad over love affair.













