
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകി സിപിഎം സംസ്ഥാന സമിതി. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളി. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നത് തന്റെ ഭാര്യയായത് കൊണ്ടാണെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. വിവാഹം കഴിക്കുമ്പോൾ തന്നെ അവർ ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നുവെന്നും പാർട്ടിക്ക് വേണ്ടി ഒട്ടേറെ പദവികൾ വഹിച്ചിട്ടുള്ള അവർക്ക് നേരെ ഇപ്പോൾ ഭാര്യാപദം പൊട്ടിമുളച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. അനാവശ്യ വിവാദമാണിതെന്നും സ്ഥാനാർത്ഥി പട്ടിക കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച പി സരിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സംസ്ഥാന സമിതിയുടെ പരിഗണനാ പട്ടികയിൽ സരിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. പാലക്കാട് ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ ആലോചന. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ മണ്ഡലത്തിലെ സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ബിജെപിയുടെ ശക്തിയും കെ സുരേന്ദ്രന്റെ മത്സര സാധ്യതയും കണക്കിലെടുത്ത് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുനഃപരിശോധന വേണമെന്നും സംസ്ഥാന സമിതി നിർദ്ദേശിച്ചു.
യുവനേതാവ് എം സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. കുന്നംകുളത്ത് എ സി മൊയ്തീനെയും മണലൂരിൽ സി രവീന്ദ്രനാഥിനെയും രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനാണ് സിപിഎം തീരുമാനം. വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ, നെന്മാറയിൽ കെ പ്രേമൻ, ആലത്തൂരിൽ ടി എം ശശി എന്നിവർ സ്ഥാനാർത്ഥികളാകും. മുതിർന്ന നേതാവ് ജി സുധാകരന്റെ അതൃപ്തി പരിഹരിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതൃതലത്തിൽ ഇടപെടൽ നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു.
മറ്റ് ഘടകകക്ഷികളിൽ നിന്ന് സീറ്റുകളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകളിൽ നിലവിലെ ധാരണ തുടരും. പൊതു സ്വതന്ത്രരുടെ പട്ടിക ഉൾപ്പെടെ അന്തിമമാക്കി മണ്ഡലം-ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്ത ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മാത്രം മതി കൂടുതൽ തിരക്കുകൾ എന്നാണ് പാർട്ടിയുടെ നിലപാട്.
MV Govindan Defends PK Shyamala Candidacy P Sarin and M Swaraj Out of CPM Candidate List















