
തിരുവനന്തപുരം: ശശി തരൂർ സിപിഎമ്മിലേക്ക് എത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തരൂരിനെ പാർട്ടിയിലേക്ക് എത്തിക്കാൻ ദുബായിലെ വ്യവസായി വഴി ചർച്ചകൾ നടന്നുവെന്ന വാർത്തകൾ സാങ്കൽപ്പികമാണെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ഇതേക്കുറിച്ച് നിലവിൽ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊച്ചിയിൽ നടന്ന കോൺഗ്രസിന്റെ മഹാപഞ്ചായത്ത് വേദിയിൽ നേരിട്ട അവഗണനയിൽ തരൂർ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിട്ടും രാഹുൽ ഗാന്ധി വേദിയിലെത്തുന്നതിന് മുൻപേ തന്നെക്കൊണ്ട് പ്രസംഗിപ്പിച്ചതും, പ്രസംഗത്തിൽ തന്റെ പേര് പരാമർശിക്കാതിരുന്നതും തരൂരിനെ ചൊടിപ്പിച്ചു. തന്നെ അപമാനിച്ചുവെന്ന് കാട്ടി അദ്ദേഹം കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്. അതൃപ്തിയെത്തുടർന്ന് ഹൈക്കമാൻഡ് വിളിച്ച ദില്ലിയിലെ ചർച്ചയിൽ നിന്നും നാളത്തെ കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയാണ്.
നിലവിൽ ദുബായിലുള്ള തരൂർ നാളെ ദില്ലിയിൽ എത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാഹുലുമായി സംസാരിക്കുന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തരൂരിനെ ഒപ്പം നിർത്തണമെന്നതാണ് കേരളത്തിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. എന്നാൽ തരൂരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചകൾ.












