സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛൻ; സിവിൽ സർവീസ് സ്വന്തമാക്കിയ ജീവിത യാത്ര പങ്കുവെച്ച് തൃശൂർ കലക്ടർ

സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ തൃശ്ശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രന്‍. സിവിൽ സർവീസ് പഠന കാലയളവിൽ താൻ കടന്നുപോയ നാൾവഴികൾ പങ്കുവെച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ജില്ലാകലക്ടർ. ഒരോ നിമിഷവും ഓർത്തെടുക്കുന്ന കുറിപ്പിൽ തൻ്റെ ലക്ഷ്യത്തോടൊപ്പം കരുതലായ നിന്ന മാതാപിതാക്കളെയും ചേർത്തു നിർത്തുന്നുണ്ട്.

ഇന്നലെയാണ് തൃശ്ശൂര്‍ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റത്. തൃശ്ശൂര്‍ കളക്ടറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍ഗോഡ് ജില്ലാ കളക്ടറായി സ്ഥലംമാറിപ്പോകുന്ന ഒഴിവിലാണ് ശിഖ സുരേന്ദ്രന്റെ നിയമനം. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ശിഖ സുരേന്ദ്രന് തൃശ്ശൂര്‍ ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്.

2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രന്‍ 2022 ല്‍ തൃശ്ശൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായി ചുമതല വഹിച്ചിട്ടുണ്ട്. കോട്ടയം അസിസ്റ്റന്റ് കളക്ടര്‍, കൊല്ലത്തും ഒറ്റപ്പാലത്തും സബ് കളക്ടര്‍, ആരോഗ്യ- കുടുംബക്ഷേമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സി.ഇ.ഒ, കേരള ടൂറിസം വികസന കോര്‍പ്പറേഷന്റെ (കെടിഡിസി) മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദം കരസ്ഥമാക്കിയ ശിഖ സുരേന്ദ്രന്‍ എറണാകുളം വടയമ്പാടി സ്വദേശിനിയാണ്. പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്. അനൂപ് അച്ച്യുതനാണ് ഭര്‍ത്താവ്. നാലുവയസ്സുകാരി സാന്‍വി ശങ്കരി മകളാണ്.

ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.

സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.

My father taught me to dream; Thrissur Collector shares his life journey to achieve civil service

More Stories from this section

family-dental
witywide